വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ഇനി സുഗമമാക്കാം.
വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ഇനി സുഗമമാക്കാം. കേരള തൊഴില്‍ വകുപ്പിന്റെ വെബ്സൈറ്റിലാണ് ഇപ്പോള്‍ ഓണ്‍ലൈനായി (lcas.lc.kerala.gov.in) രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ സംവിധാനമുള്ളത്. സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്റെയും പുതുക്കലിന്റെയും നടപടിക്രമങ്ങള്‍ കുറേക്കൂടി എളുപ്പത്തിലാക്കാനാണ് കേരള സര്‍ക്കാരിന്റെ നൈപുണ്യം വകുപ്പ് ഇക്കഴിഞ്ഞ മാസം ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ ഉത്തരവ് പ്രകാരം വകുപ്പിന്റെ പോര്‍ട്ടലില്‍ ഓണ്‍ലൈനായി രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള നിശ്ചിത ഫീസും സ്വയം സാക്ഷ്യപ്പെടുത്തലും സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പുതുക്കല്‍ നടപടി ക്രമങ്ങള്‍ നടന്നതായി കാണിക്കും. ഈ പുതിയ നടപടി പ്രകാരം വാണിജ്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും പുതുക്കലിനും ലേബര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരില്ല. വിവിധ നിയമങ്ങള്‍ പ്രകാരമുള്ള ലൈസന്‍സുകളും രജിസ്ട്രേഷനുകളും അനുമതികളും ക്ലിയറന്‍സുകളും ലഭിക്കുന്നതിനുണ്ടാകുന്ന കാലതാമസം ഒഴിവാക്കി ‘ഈസ് ഓഫ് ബിസിനസ്’ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിയമം.
1960ലെ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നിയമപ്രകാരം ഉദ്ദേശിക്കുന്നത് സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങളിലും കടകളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ സേവനവ്യവസ്ഥകള്‍ ക്രമീകരിക്കുക എന്നതാണ്. ഫാക്ടറി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതല്ലാതെ ഈ ആക്ട് പ്രകാരവും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഈ നിയമപരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ എടുക്കേണ്ടതും പുതുക്കേണ്ടതുമാണ്.