ട്രസ്റ്റ്, സൊസൈറ്റി ശ്രദ്ധിച്ചാല്‍ ഗുണങ്ങളേറെ
നമ്മുടെ ബിസിനെസ്സില്‍ അല്ലെങ്കില്‍ വരുമാനത്തില്‍ നിന്നും ഒരു വിഹിതം കാരുണ്യവും കരുതലും ആവശ്യമുള്ളവർക്ക് കൊടുക്കുന്നതാണ് ചാരിറ്റി അല്ലെങ്കിൽ ജീവകാരുണ്യ പ്രവർത്തനം.
മനുഷ്യസമൂഹത്തിന്റെ തുടക്കം മുതല്‍ തന്നെ പരസ്പരം സഹായിക്കാനും സാമ്പത്തിക ശേഷിയില്ലാത്തവരെ ഉയര്‍ത്തിക്കൊണ്ടുവരാനും ശാരീരികമായും മാനസികമായും തളര്‍ന്നവരെ ഉത്തേജിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നുവന്നിരുന്നു.
നിരവധി ധര്‍മ സ്ഥാപനങ്ങളും ഇതേ ഉദ്ദേശ്യ ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ പ്രധാനമായും നിലവിലുള്ളത്, 1947-നു ശേഷം വിവിധ സംസ്ഥാനങ്ങളിലെ മാറ്റങ്ങള്‍ക്ക് വിധേയമായ, 1860-ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന സൊസൈറ്റികള്‍ അഥവാ സംഘങ്ങള്‍ ആണ്. 1920-ലെ ചാരിറ്റബ്ള്‍ ആന്റ് റിലീജിയസ് ആക്ട് പ്രകാരവും 1863-ലെ റിലീജിയസ് എന്റോവ്‌മെന്റ് ആക്ട് പ്രകാരവും രജിസ്റ്റര്‍ ചെയ്യുന്ന മതപരവും ധാര്‍മികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനകള്‍, 1995-ലെ വഖ്ഫ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന വഖ്ഫ് സ്ഥാപനങ്ങള്‍, 1882 -ലെ ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് പ്രകാരവും 1890-ലെ ചാരിറ്റബ്ള്‍ എന്റോവ്‌മെന്റ് ആക്ട് പ്രകാരവും രജിസ്റ്റര്‍ ചെയ്യുന്ന ട്രസ്റ്റുകളും ധര്‍മ സ്ഥാപനങ്ങളും ആണ് അവയില്‍ ചിലത്.
ട്രസ്റ്റായും സംഘമായും (സൊസൈറ്റികളായും) ഇതേ ആവശ്യത്തിന് കമ്പനി രൂപീകരിച്ചും പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക സ്ഥാപനങ്ങളും ധര്‍മ സ്ഥാപനങ്ങളാണ്. ആദായ നികുതി ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സൊസൈറ്റികളുടെയും ട്രസ്റ്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ ആദായനികുതി നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത് പോലെ ആയിരിക്കണം.
ഒരു വിഭാഗം ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുമ്പോള്‍ മറ്റൊരു വിഭാഗം സംഘം/സൊസൈറ്റി രൂപീകരിച്ചും മറ്റ് ചിലര്‍ കമ്പനി രൂപീകരിച്ചും പ്രവര്‍ത്തനം നടത്തുന്നു. ട്രസ്റ്റ് പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നത്, ട്രസ്റ്റ് രൂപീകരിച്ചാല്‍ അതിന്റെ സ്ഥാപനങ്ങള്‍ക്കും അതിലെ അംഗങ്ങള്‍ക്കും സുരക്ഷിതത്വം ഉണ്ടാകുമെന്ന ധാരണയിലാണ്. ട്രസ്റ്റില്‍ മെമ്പര്‍ഷിപ്പ് നിലനില്‍ക്കുന്നത് ട്രസ്റ്റി മരിക്കുന്നതുവരെയോ സ്വയം രാജിവെക്കുന്നതുവരെയോ ട്രസ്റ്റാധാരത്തിലെ നിബന്ധനകള്‍ പാലിക്കാത്തതുമൂലം പുറത്താക്കപ്പെടുന്നത് വരെയോയാണ് എന്നതാണ് അതിന്റെ പ്രത്യേകത.
എന്നാല്‍ സംഘം രജിസ്റ്റര്‍ ചെയ്യുന്നവര്‍ എപ്പോഴും അതില്‍ അംഗങ്ങളായി നിലനില്‍ക്കണമെന്നില്ലെന്നും ജനറല്‍ ബോഡിയുടെ സ്ഥിര അംഗങ്ങളായി തുടരാന്‍ കഴിയില്ലെന്നും അതിന് നിശ്ചിത പ്രദേശത്തെ സ്ഥിര താമസക്കാരായിരിക്കണമെന്നും നിശ്ചിത വാര്‍ഷിക വരിസംഖ്യ കൊടുക്കണമെന്നും അംഗത്വ ഫീസ് കൊടുക്കണമെന്നും, തുടര്‍ച്ചയായി മുടക്കമില്ലാതെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കണമെന്നും ഇവയൊന്നുമില്ലാത്തവരെ ഏതു സമയത്തും ഏതെങ്കിലും കാരണം പറഞ്ഞ് പുറത്താക്കാന്‍ നിലവിലുള്ള ജനറല്‍ ബോഡിക്ക് അധികാരമുണ്ടായിരിക്കുമെന്നും വര്‍ഷത്തില്‍ ഭാരവാഹികളുടെ ലിസ്റ്റ് ജില്ലാ രജിസ്ട്രാര്‍ മുമ്പാകെ സമര്‍പ്പിക്കണമെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റികളും ജനറല്‍ ബോഡി മെമ്പര്‍മാരും ഒരു പ്രത്യേക സമയം എത്തിയാല്‍ മാറിക്കൊണ്ടേയിരിക്കുമെന്നും സൊസൈറ്റികളായി രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ ന്യൂനതകളായി കാണാറുണ്ട്.
ചാരിറ്റബ്ള്‍ സൊസൈറ്റികളുടെ/ട്രസ്റ്റിന്റെ സ്വത്തുക്കളില്‍നിന്നുള്ള വരുമാനവും ഇഷ്ടപ്രകാരം സൊസൈറ്റിക്ക്/ ട്രസ്റ്റിന് ലഭിക്കുന്ന സംഭാവനകളും നിബന്ധനകള്‍ക്ക് വിധേയമായി ആദായ നികുതിനിയമത്തിലെ 11, 12 വകുപ്പനുസരിച്ച് നികുതി ഒഴിവിന് അര്‍ഹമാണ്. ഒഴിവ് ലഭിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധന വരുമാനത്തിന്റെ 85 ശതമാനമെങ്കിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കിയിരിക്കണമെന്നതാണ്.
ഏതെങ്കിലും കാരണവശാല്‍ ഇത് സാധിക്കാതെ വന്നാല്‍ പ്രസ്തുത വരുമാനം നിബന്ധനകള്‍ക്കനുസരിച്ച് വിവിധങ്ങളായ അക്കൗണ്ടുകളില്‍ നിക്ഷേപിക്കേണ്ടതാണ്. പ്രസ്തുത വരുമാനം നിഷ്‌കര്‍ഷിച്ചിട്ടുള്ള രീതിയില്‍ നിക്ഷേപിച്ചില്ലെങ്കില്‍ അതിന് ആദായനികുതി ബാധകമാകുന്നതാണ്.
ട്രസ്റ്റ് രൂപീകരിക്കുന്നതും ട്രസ്റ്റ് ഭരിക്കുന്നതും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതും നിശ്ചിത വ്യക്തികളാണ്. അവര്‍ അതില്‍ നിത്യാംഗത്വം സമ്പാദിച്ചവരുമാണ്. പരമാവധി മെമ്പര്‍മാര്‍ ഇത്രയായിരിക്കണം, എന്താണ് പുതിയ ട്രസ്റ്റികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം, പുതിയ ട്രസ്റ്റികളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗത്തിന്റെ ക്വാറം എത്രയായിരിക്കണം എന്നിവയൊക്കെ ട്രസ്റ്റാധാരത്തില്‍ പ്രത്യേകമായി കാണിക്കാറുണ്ട്.
ചാരിറ്റി പ്രവര്‍ത്തനത്തിന് വളരെ പണ്ടുമുതല്‍ക്കേ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കിയിരുന്നു. വിവിധ തരം ടാക്‌സ് ഇളവുകള്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പു മുതലേ നിലവിലുണ്ടായിരുന്നു.
ട്രസ്റ്റ് വിവിധ തരത്തിലുണ്ട്. പബ്ലിക് ട്രസ്റ്റ്, പ്രൈവറ്റ് ട്രസ്റ്റ്, മതപരമായ ട്രസ്റ്റ്, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള ട്രസ്റ്റ് എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ. മത ധര്‍മ സ്ഥാപനങ്ങള്‍ പ്രത്യേക തരം ട്രസ്റ്റുകളാണ്.
ട്രസ്റ്റ് രേഖയില്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ടത്
ട്രസ്റ്റുകളുടെ ഭരണഘടന എന്ന് പറയുന്നത് ട്രസ്റ്റ് രേഖയാണ്. ഈ രേഖയില്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉണ്ടാവണം. ട്രസ്റ്റിന്റെ പേരും വിലാസവും, പ്രവര്‍ത്തന പരിധി, ഉദ്ദേശ്യലക്ഷ്യങ്ങള്‍, ഭാരവാഹികളും അവരുടെ ചുമതലകളും, കണക്കുകളും അവയുടെ സൂക്ഷിപ്പും അവയുടെ ഓഡിറ്റിംഗും, ട്രസ്റ്റികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ ചെയര്‍മാന്റെ കാസ്റ്റിംഗ് വോട്ട് ഉപയോഗം, ട്രസ്റ്റ് പിരിച്ചുവിടാന്‍ പറ്റാത്തതാണെന്ന് കാണിക്കല്‍, നിര്‍ബന്ധ സാഹചര്യത്തില്‍ പിരിച്ചുവിടേണ്ടിവന്നാല്‍ സ്ഥാപനത്തിന്റെ ആസ്തികളുടെ കൈമാറ്റം, പുതിയ ട്രസ്റ്റികളെ എടുക്കലും നിലവിലുള്ള ട്രസ്റ്റികളെ പുതുക്കലും എന്നു തുടങ്ങി വളരെ അത്യാവശ്യമുള്ള എല്ലാ കാര്യങ്ങളും ഇതിലുണ്ടാവും. ട്രസ്റ്റിന്റെ പേരില്‍ ആസ്തികള്‍ വാങ്ങുന്നതും അവ വില്‍ക്കുന്നതിനുമുള്ള അധികാരം ട്രസ്റ്റ് ബോര്‍ഡില്‍ നിക്ഷിപ്തമാക്കണം. മിനിട്‌സ് സൂക്ഷിക്കുന്നതിനെക്കുറിച്ച്, ഭാരവാഹികളുടെ ചുമതലകള്‍, ഭാരവാഹികളുടെ ഉത്തരവാദിത്തങ്ങള്‍, മീറ്റിംഗ് അജണ്ടകള്‍ എങ്ങനെ കൈകാര്യം ചെയ്യണം, യോഗത്തിലെ അധ്യക്ഷന്‍ ആരാവണം, കണക്കുകള്‍ എങ്ങനെ, എപ്പോള്‍ ഓഡിറ്റ് ചെയ്യണം, മീറ്റിംഗ് ക്വാറം എത്ര, ബാങ്ക് ഇടപാടുകള്‍ ആര് നടത്തണം, ചെക്കുകളില്‍ ആര് ഒപ്പിട്ടാലാണ് എന്നിത്യാദി കാര്യങ്ങളും ട്രസ്റ്റ് രേഖയില്‍ ഉണ്ടാവണം.
ട്രസ്റ്റ് സ്ഥാപിക്കുന്നവര്‍ക്ക് വ്യക്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണം. ട്രസ്റ്റ് ഫണ്ടായി ആസ്തി ഉണ്ടാവണം. ട്രസ്റ്റ് പ്രവര്‍ത്തനത്തില്‍ ഉപഭോക്താവ് ഉണ്ടാവണം. ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് വകുപ്പ് 10 പ്രകാരം കരാറില്‍ ഒപ്പിടാന്‍ കഴിവുള്ള 18 വയസ്സായ ആര്‍ക്കും ട്രസ്റ്റ് രൂപീകരിക്കാം. ഒരു ട്രസ്റ്റ് പബ്ലിക് ട്രസ്റ്റാവണമെങ്കില്‍ അത് പൊതുജനങ്ങളുടെ നന്മക്കും വളര്‍ച്ചക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതാകണം. ട്രസ്റ്റ് പൂര്‍ണമായോ ഭാഗികമായോ ചാരിറ്റിക്ക് വേണ്ടിയായിരിക്കണം. ട്രസ്റ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിയമപ്രകാരമുള്ളതാണെങ്കിലേ അതിന് നിയമസാധുതയുള്ളൂ എന്ന് വകുപ്പ് 4 പറയുന്നു.
1882-ലെ ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് സ്വകാര്യ ട്രസ്റ്റുകള്‍ക്കാണ് ബാധകം. പൊതു ട്രസ്റ്റുകള്‍ക്ക് ഇന്ത്യയിലെ മറ്റ് പൊതു നിയമങ്ങളാണ് ബാധകം.
ചാരിറ്റബ്ള്‍ സൊസൈറ്റികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും നികുതിയില്‍നിന്ന് ഒഴിവ് ലഭിക്കണമെങ്കില്‍ ആദായനികുതി നിയമത്തിലെ 12 എ എ വകുപ്പനുസരിച്ച് പ്രസ്തുത സ്ഥാപനങ്ങള്‍ ഇന്‍കം ടാക്‌സ് കമീഷണര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ മാത്രമാണ് അവര്‍ക്ക് ആദായനികുതി നിയമത്തിലെ 11-ഉം 12-ഉം വകുപ്പനുസരിച്ചുള്ള നികുതിയൊഴിവിന് അര്‍ഹതയുണ്ടാവുക. ആദായ നികുതി ആക്ട് വകുപ്പ് 12A(1) (ba) പ്രകാരം, ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട തീയതിക്കകം (വകുപ്പ് 139 പ്രകാരം) അല്ലെങ്കിൽ നീട്ടിയ സമയത്തിനുള്ളിൽ, ആദായ നികുതി റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ, വകുപ്പ് 11 പ്രകാരമുള്ള ഒഴിവു ലഭിക്കില്ല.
കൂടാതെ സ്ഥാപനത്തിന് സംഭാവന ചെയ്യുന്നവര്‍ക്ക് ടാക്‌സ് ഇളവ് കിട്ടുന്നതിനു വേണ്ടി ഇന്‍കം ടാക്‌സ് വകുപ്പ് 80 ജി പ്രകാരവും രജിസ്റ്റര്‍ ചെയ്യണം
രജിസ്‌ട്രേഷന്‍ ഏതു വിധത്തില്‍ റദ്ദാക്കപ്പെടുമെന്നും ഈ വകുപ്പുകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. 13-ാം വകുപ്പില്‍ ആദായനികുതിയുടെ ഒഴിവുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടാനുള്ള സാഹചര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്.
ചാരിറ്റബ്ള്‍ സൊസൈറ്റികള്‍/ട്രസ്റ്റുകള്‍ ആദായനികുതി നിയമത്തിലെ 12 എ എ വകുപ്പനുസരിച്ച് കമീഷണര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് താഴെ പറയുന്ന നിബന്ധനകള്‍ ട്രസ്റ്റ് ഡീഡില്‍ നിര്‍ബന്ധമായും കാണിച്ചിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കാറുണ്ട്:
1) സൊസൈറ്റി/ട്രസ്റ്റ് ഡീഡില്‍ അല്ലെങ്കില്‍ ബൈലോയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അവ ബന്ധപ്പെട്ട ആദായനികുതി കമീഷണറുടെ മുന്‍കൂര്‍ അനുവാദത്തോടു കൂടി മാത്രമായിരിക്കണം.
2) സൊസൈറ്റി/ട്രസ്റ്റ് ഏതെങ്കിലും കാരണവശാല്‍ പിരിച്ചുവിടുകയാണെങ്കില്‍ ട്രസ്റ്റിന്റെ സ്വത്തുക്കള്‍ അതിലെ അംഗങ്ങള്‍ക്കോ ട്രസ്റ്റികള്‍ക്കോ വീതം വെക്കാന്‍ സാധിക്കുന്നതല്ലെന്നും ട്രസ്റ്റിന്റെ സ്വത്തുക്കള്‍ ഇതേ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നതും ഇന്‍കം ടാക്‌സ് ഇളവുള്ളതും രജിസ്‌ട്രേഷനുള്ളതുമായ ചാരിറ്റബ്ള്‍ സൊസൈറ്റിയിലേക്കോ ട്രസ്റ്റിലേക്കോ അല്ലെങ്കില്‍ ഗവണ്‍മെന്റിലേക്കോ ഏല്‍പ്പിക്കേണ്ടതാണെന്നും രേഖപ്പെടുത്തണം.
3) ട്രസ്റ്റിന്റെ/സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍തന്നെ ആയിരിക്കണം. ഇന്ത്യക്കു പുറത്ത് പ്രവര്‍ത്തനം അനുവദനീയമല്ല.
4) ട്രസ്റ്റ്/സൊസൈറ്റിയുടെ പണം ട്രസ്റ്റ് ഡീഡില്‍ പ്രസ്താവിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി മാത്രമേ ചെലവഴിക്കാന്‍ പാടുള്ളൂ.
സൊസൈറ്റി (സംഘം)
സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് വകുപ്പ് 1 പ്രകാരം വകുപ്പ് 20-ല്‍ പറഞ്ഞ ചില പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടി, അതായത് ശാസ്ത്ര, സാഹിത്യ, ധര്‍മ സംബന്ധിയായതോ അല്ലെങ്കില്‍ അത്തരത്തിലുള്ള മറ്റേതെങ്കിലും പ്രവര്‍ത്തനം നടത്താനോ കുറഞ്ഞത് ഏഴോ അതിലധികമോ ആള്‍ക്കാര്‍ക്ക് അംഗങ്ങളായി കൂട്ടായി ഒരു സൊസൈറ്റി രൂപീകരിക്കാവുന്നതാണ്. അംഗങ്ങളുടെ പേരുവിവരങ്ങള്‍ മെമ്മോറാണ്ടം ഓഫ് അസ്സോസിയേഷനിലൂടെ ബന്ധപ്പെട്ട ജില്ലാ രജിസ്റ്ററോഫീസില്‍ സമര്‍പ്പിച്ച് സൊസൈറ്റി രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. ഇത് തുടങ്ങാന്‍ ആസ്തി വേണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ വസ്തു സമ്പാദിക്കുന്നതില്‍ തെറ്റുമില്ല. എന്നാല്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ പൈസയോ വസ്തുവോ ആയി ആസ്തി നിര്‍ബന്ധമാണ്.
സൊസൈറ്റിയും ട്രസ്റ്റും തമ്മിലെ വ്യത്യാസം
ട്രസ്റ്റിനെ സംബന്ധിച്ചേടത്തോളം ട്രസ്റ്റ് ബോര്‍ഡിനാണ് പരമാധികാരം, സൊസൈറ്റിയില്‍ ജനറല്‍ ബോഡിയാണ് സുപ്രീം അതോറിറ്റി. ട്രസ്റ്റ് രേഖയാണ് അതിന്റെ ഭരണഘടന, മെമ്മോറാണ്ടവും ബൈലോയുമാണ് സൊസൈറ്റിയുടെ ഭരണഘടന. സൊസൈറ്റി എല്ലാ വര്‍ഷവും ഭാരവാഹികളുടെ ലിസ്റ്റ് ജില്ലാ രജിസ്ട്രാര്‍ മുമ്പാകെ ബോധിപ്പിക്കണം. എന്നാല്‍ ട്രസ്റ്റിന് അത് ബാധകമല്ല.
ട്രസ്റ്റ് രൂപീകരിക്കാന്‍ രണ്ട് വ്യക്തികള്‍ മതി. എന്നാല്‍ സൊസൈറ്റി രൂപീകരിക്കാന്‍ കുറഞ്ഞത് 7 പേര്‍ വേണം. സൊസൈറ്റിയില്‍ രണ്ട് തരം കമ്മിറ്റികളുണ്ട്. എക്‌സ്‌ക്ലൂസീവ് കമ്മിറ്റിയും ജനറല്‍ ബോഡിയും. എന്നാല്‍ ട്രസ്റ്റില്‍ ട്രസ്റ്റ് ബോര്‍ഡ് മാത്രമേ ഉള്ളൂ. സൊസൈറ്റി ജനാധിപത്യ സ്വഭാവത്തിലാണ്. എന്നാല്‍ ട്രസ്റ്റ് ചില വ്യക്തികളില്‍ നിക്ഷിപ്തമാണ്.ട്രസ്റ്റുകള്‍ ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് 1882 പ്രകാരവും സൊസൈറ്റികള്‍ ഇന്ത്യന്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് 1860 പ്രകാരവും രജിസ്റ്റര്‍ ചെയ്യുന്നു.
ഏതെങ്കിലും കാരണവശാല്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ/ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിലക്കുന്ന സാഹചര്യം വന്നാല്‍ പ്രസ്തുത സ്ഥാപനത്തിന്റെ സ്വത്തുക്കള്‍ ഏതു വിധത്തില്‍ കൈകാര്യം ചെയ്യണമെന്ന് ബന്ധപ്പെട്ട വകുപ്പില്‍ സൂചിപ്പിച്ചിച്ചിട്ടുണ്ട്. അതായത് ആദായനികുതി നിയമം അനുസരിച്ച്, നിലയ്ക്കുന്ന സൊസൈറ്റിയുടെ/ ട്രസ്റ്റിന്റെ തുല്യമായ പ്രവര്‍ത്തനങ്ങളുള്ള സൊസൈറ്റിയിലോ/ ട്രസ്റ്റിലോ അല്ലെങ്കില്‍ ഗവണ്‍മെന്റിലോ ലയിപ്പിക്കണം എന്നാണ് വ്യവസ്ഥ. ആദായനികുതി നിയമമനുസരിച്ച് ധര്‍മ സ്ഥാപനങ്ങളുടെ വരുമാനം സ്ഥാവര സ്വത്തുക്കളില്‍ നിക്ഷേപിച്ചാലും അതിന് നികുതിയിളവ് ലഭിക്കും. ആ നിലക്ക് നികുതിയിളവ് വാങ്ങി സ്വരൂപിക്കപ്പെട്ട സ്വത്തുക്കള്‍ പ്രസ്തുത ധര്‍മ സ്ഥാപനം നിര്‍ത്തി സ്വത്തുക്കള്‍ മാറ്റുമ്പോള്‍ നികുതിക്ക് വിധേയമാകുന്നതാണ് ബജറ്റിലെ പുതിയ നിയമം. പ്രസ്തുത സ്വത്തുക്കള്‍ ചാരിറ്റബ്ള്‍ സൊസൈറ്റി/ട്രസ്റ്റില്‍ നിലനില്‍ക്കുന്നേടത്തോളം കാലം പ്രവര്‍ത്തനം ഉണ്ടെങ്കില്‍ നികുതിബാധ്യത ഉണ്ടാവുന്നില്ല. നികുതി ഇളവിലൂടെ സ്വരൂപിക്കപ്പെട്ട സ്വത്തുക്കള്‍ ധര്‍മ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിയതിനുശേഷം ചാരിറ്റബ്ള്‍ അല്ലാത്ത സൊസൈറ്റിയിലേക്ക്/ട്രസ്റ്റിലേക്ക് കൈമാറ്റം ചെയ്താല്‍ നാളിതുവരെ ലഭിച്ച ആനുകൂല്യങ്ങളുടെ ദുരുപയോഗം മാത്രമായി അവയെ കണക്കാക്കുന്നതാണ്. അതിനാലാണ് പ്രസ്തുത സ്വത്തുക്കള്‍ ചാരിറ്റബ്ള്‍ അല്ലാത്ത പ്രസ്ഥാനത്തില്‍ ലയിപ്പിക്കുകയാണെങ്കില്‍ ആ സ്വത്തുക്കളുടെ മേല്‍ നികുതി ഈടാക്കുന്നത്. പ്രസ്തുത നിയമത്തിന്റെ വിശദാംശങ്ങള്‍ താഴെ വിവരിക്കുന്നു:
1) ധര്‍മ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി ആദായനികുതി നിയമം അനുസരിച്ച് രജിസ്‌ട്രേഷനുള്ള ഒരു സ്ഥാപനത്തിലേക്ക് അതിന്റെ സ്വത്തുക്കള്‍ ലയിപ്പിക്കുകയോ പ്രവര്‍ത്തനം നിര്‍ത്തി സ്ഥാപനം പിരിച്ചുവിട്ടതിനു ശേഷം സ്വത്തുക്കള്‍ പ്രസ്തുത സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യമായതും രജിസ്‌ട്രേഷനുള്ളതുമായ സ്ഥാപനത്തിലേക്ക് 12 മാസത്തിനകം ലയിപ്പിക്കുകയോ ചെയ്യാത്ത അവസ്ഥയിലാണ് നികുതി ബാധ്യത വരുന്നത്.
2) സ്വരൂപിക്കപ്പെട്ട സ്വത്തുക്കളുടെ വിലയില്‍നിന്ന് നിലവിലുള്ള കടബാധ്യത എന്തെങ്കിലുമുണ്ടെങ്കില്‍ അത് കുറച്ചതിനു ശേഷം വരുന്ന തുകക്കാണ് നികുതി ബാധ്യത വരുന്നത്. സ്വത്തുക്കളുടെ വിലകള്‍ നിശ്ചയിക്കുന്നതിന് ഇന്‍കം ടാക്‌സ് റൂള്‍സില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
3) സ്വരൂപിക്കപ്പെട്ട സ്വത്തുക്കള്‍ക്ക് ആദായനികുതി നിയമത്തില്‍ സൂചിപ്പിച്ചിട്ടുള്ള പരമാവധി നിരക്കിലാണ് നികുതി ഈടാക്കുന്നത്. നിലവില്‍ ഇത് 30 ശതമാനമാണ്. അതായത് സ്ലാബ് നിരക്കുകള്‍ ഒന്നും ബാധകമല്ല.
4) സ്ഥാപനത്തിന് എന്തെങ്കിലും നികുതി ബാധ്യത ഉണ്ടെങ്കില്‍ പ്രസ്തുത നികുതിയുമായി ഈ നികുതിക്ക് ബന്ധമുണ്ടാവില്ല.
5) പ്രസ്തുത നികുതിയിന്‍മേല്‍ സ്ഥാപനത്തിന് ഒരു ക്രഡിറ്റും ലഭിക്കുന്നതല്ല. സ്ഥാപനത്തിന് യാതൊരു വരുമാനവും ഇല്ലെങ്കിലും ഈ നികുതി അടക്കേണ്ടതാണ്.
6) നികുതി അടക്കുന്നതിന് കാലതാമസം ഉണ്ടായാല്‍ പ്രതിമാസം ഒരു ശതമാനം നിരക്കില്‍ പലിശ നല്‍കേണ്ടതായി വരും.
ഏതെങ്കിലും കാരണവശാല്‍ പ്രസ്തുത സ്ഥാപനത്തിന് നികുതി അടക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്ഥാപനത്തിന്റെ ട്രസ്റ്റി/പ്രധാന ഉദ്യോഗസ്ഥന്‍ ആ തുക അടക്കാന്‍ ബാധ്യതപ്പെട്ടവനായി കണക്കാക്കുന്നതും നികുതി ബാധ്യതകള്‍ അദ്ദേഹത്തിന്റെ പക്കല്‍നിന്ന് നിയമ പ്രകാരം ഈടാക്കുന്നതും ആയിരിക്കും. അതുപോലെത്തന്നെ ചാരിറ്റബ്ള്‍ സൊസൈറ്റി /ട്രസ്റ്റ് അല്ലാത്ത സ്ഥാപനങ്ങള്‍ക്ക് സ്വത്തുക്കള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അവരില്‍നിന്ന് നികുതി ഈടാക്കാവുന്നതാണ്. എന്നാല്‍ സ്വത്ത് ലഭിച്ചിട്ടുള്ള പ്രസ്തുത സ്ഥാപനങ്ങളുടെ ബാധ്യത ലഭിച്ച സ്വത്തിന്റെ വിലയില്‍ കൂടുതല്‍ ഉണ്ടാവുന്നതല്ല. ട്രസ്റ്റിന്റെ/സൊസൈറ്റികളുടെ ഉത്ഭവവും ഘടനയും പ്രവര്‍ത്തനങ്ങളും ആദായനികുതി നിയമത്തിലെ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആദായനികുതി നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത് മാത്രമായിരിക്കണം.
രജിസ്റ്റര്‍ ചെയ്യാത്ത രേഖകളുടെയോ വാക്കാലുള്ള തീരുമാനത്തിന്റെയോ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളുണ്ടെങ്കില്‍ ട്രസ്റ്റാധാരം/സംഘത്തിന്റെ ബൈലോ രജിസ്റ്റര്‍ ചെയ്യാത്തിടത്തോളം അതിന് നിയമപരിരക്ഷ കിട്ടാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല. കോടതികളോ ഇന്‍കം ടാക്‌സ് അധികാരികളോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളോ ഇത്തരം രേഖകള്‍ പരിഗണിക്കുന്നതല്ല.
ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍/സംഘങ്ങള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാവുന്നതേഉള്ളൂ. അതിന് വലിയ ചെലവും വരില്ല. ഇനി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ട്രസ്റ്റിന്റെ/സംഘത്തിന്റെ പേരില്‍ നിലവില്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, മറ്റ് സ്വത്തുക്കള്‍ തുടങ്ങിയവ പ്രത്യേകം എടുത്തുപറഞ്ഞ് പുതിയ ട്രസ്റ്റിന്റെ ഭാഗമാക്കുന്നതായി കാണിക്കണം.