മരുന്നുകളെ പ്രതിരോധിക്കുന്ന ഫംഗസ് ബാധ; ലോകത്തിന് പുതിയ ഭീഷണി
കഴിഞ്ഞ മെയ് മാസത്തില്‍ മൗണ്ട് സീനായിലെ ആശുപത്രിയില്‍ ഉദര ശസ്ത്രക്രിയയ്ക്കായി ഒരു മധ്യവയസ്‌കനെ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ രക്തം പരിശോധിച്ചപ്പോള്‍ മരണ കാരണമായേക്കാവുന്ന പുതിയ തരം അണുക്കളെ കണ്ടെത്തി. ആളുകളുടെ ശരീരത്തില്‍ പ്രവേശിച്ച് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലമാക്കുന്ന കാന്‍ഡിഡ ഔറസ് എന്നു പേരിട്ട ഈ വൈറസ് ഇതിനോടകം തന്നെ ആഗോളതലത്തില്‍ പടര്‍ന്നു കഴിഞ്ഞു. ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, ഇല്ലിനോയി എന്നിവിടങ്ങളിലേക്ക് സി. ഔറസ് വൈറസ് പടര്‍ന്നപ്പോള്‍ ഫെഡറല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ അടിയന്തിരമായി കരുതിയിരിക്കേണ്ട രോഗങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്തു.
മൗണ്ട് സീനായിലെ ആശുപത്രിയിലെ മനുഷ്യന്‍ 90 ദിവസത്തിന് ശേഷം ആശുപത്രിയില്‍ മരിച്ചെങ്കിലും സി ഔറസ് ഇല്ലാതായില്ല. അദ്ദേഹത്തിന്റെ മുറിയില്‍ എല്ലായിടത്തും ആ വൈറസ് പടര്‍ന്നതായി പരിശോധനകളില്‍ കണ്ടെത്തി. അതോടെ ആശുപത്രി മുഴുവന്‍ പ്രത്യേക ക്ലീനിംഗ് ഉപകരണത്തിന്റെ സഹായത്തോടെ വൃത്തിയാക്കുകയും സീലിംഗുകളും ടൈലുകളുമടക്കം നീക്കം ചെയ്യുകയും വേണ്ടി വന്നു. സി. ഔറസ് വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട ഒരു വൈറസാണ്. കാരണം ഇത് സാധാരണ ആന്റി ഫംഗല്‍ മരുന്നുകള്‍ കൊണ്ട് നശിപ്പിക്കാനാകില്ല. മരുന്നുകള്‍ കൊണ്ടും നശിപ്പിക്കാനാകാത്ത അസുഖങ്ങളില്‍ ഏറ്റവും പുതിയ ഉദാഹരണമാണ് സി ഔറസ്. ഇവയ്ക്ക് മരുന്നുകളെ പ്രതിരോധിക്കാനാകും.
ആന്റി ബയോട്ടിക് ഉപയോഗം
ആന്റിബയോട്ടിക്കുകളുടെ അമിത ഉപഭോഗം മരുന്നുകളുടെ ഫലപ്രാപ്തി കുറയ്ക്കുന്നതായി പതിറ്റാണ്ടുകളായി പൊതുജനാരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്തായി, പ്രതിരോധശേഷിയെ നശിപ്പിക്കുന്ന ഫംഗസുകളുടെ സ്‌ഫോടനാത്മകമായ വരവുണ്ടായി. ഇതൊരു വലിയ പ്രശ്‌നമാണെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഫംഗല്‍ എപിഡെമോളജി പ്രൊഫസറായ മാത്യു ഫിഷര്‍ പറയുന്നു: സാധാരണയായി ആന്റി ഫംഗസുകളെ ഉപയോഗിച്ചാണ് ഞങ്ങള്‍ രോഗികളെ ചികിത്സിക്കുന്നത്. എന്നാല്‍ ബാക്ടീരിയ പോലെ, ഫംഗസുകളും ആധുനിക മരുന്നുകളെ അതിജീവിക്കാന്‍ തുടങ്ങിയിരിക്കുന്നു.
നിയന്ത്രണം വേണം
പ്രതിരോധ ശേഷിക്കായുള്ള മരുന്നുകളുടെ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നയങ്ങള്‍ ആവിഷ്‌കരിക്കുന്നില്ലെങ്കില്‍ ലോകമെമ്ബാടുമുള്ള 10 ദശലക്ഷമാളുകള്‍ 2050 ആകുമ്ബോഴേക്കും ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ കാരണവും 8 ദശലക്ഷമാളുകള്‍ ക്യാന്‍സര്‍ ബാധിച്ചും മരിക്കുമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് നടത്തിയ പഠനത്തില്‍ പറയുന്നു.
അമിത ഉപയോഗം
അണുബാധയെ ചെറുക്കാന്‍ ആന്റിബയോട്ടിക്കുകളും ആന്റിഫംഗലുകളും അത്യന്താപേക്ഷിതമാണ്. എന്നാല്‍ മൃഗങ്ങളില്‍ രോഗങ്ങള്‍ തടയാനായി ആന്റിബയോട്ടിക്കുകള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. കാര്‍ഷിക ചെടികളെ ചീഞ്ഞുപോകുന്നത് തടയുന്നതിനും ആന്റിഫംഗലുകള്‍ ഉപയോഗിക്കുന്നു. കൃഷിയിടങ്ങളില്‍ കുമിള്‍നാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത് മൂലം ആളുകളുടെ ചര്‍മ്മത്തില്‍ ഫംഗസുകള്‍ പടരുന്നതായി ചില ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാട്ടുന്നു.