ഒറ്റപ്പെടല്‍: കുട്ടികളെ ലഹരിയിലേക്ക് നയിക്കുമെന്ന് ഋഷിരാജ് സിംഗ്
താളം തെറ്റിയ കുടുംബപശ്ചാത്തലവും മാതാപിതാക്കള്‍ക്ക് കുട്ടികളുമായി സമയം ചെലവഴിക്കാന്‍ സാധിക്കാത്തതും കുട്ടികള്‍ സ്വന്തം ലോകത്തില്‍ ഒറ്റപ്പെട്ടുപോകുന്നതുമാണ് കുട്ടികളില്‍ ലഹരിമരുന്നുകളുടെ ഉപയോഗത്തിന് കാരണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. പെരിയാര്‍ കടുവാ സങ്കേതം തേക്കടി ബാംബൂഗ്രൂവില്‍ നടത്തിയ പെരിയാര്‍ ടോക്‌സിന്റെ മുഖ്യപ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . ആകാംക്ഷ, പിരിമുറുക്കം, ഭയം, തുടങ്ങിയവയും കുട്ടികളെ ലഹരിമരുന്നുകളിലേക്ക് അടുപ്പിക്കുന്നു. ദോഷഫലങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടോ തമാശകൊണ്ടോ ജിജ്ഞാസകൊണ്ടോ അനുകരിക്കാനുള്ള വ്യഗ്രതകൊണ്ടോ സുഹൃത്തുക്കളുടെ നിര്‍ബന്ധം കൊണ്ടോ ലഹരിക്കടിമപ്പെടുന്നവരാണ് ഭൂരിപക്ഷവും.
കുഞ്ഞുങ്ങള്‍ ലഹരിമരുന്നുകള്‍ക്ക് അടിമയാണെന്ന് മനസ്സിലാക്കിയാല്‍ അവരെ ശിക്ഷിക്കുന്നതിന് പകരം കൂടുതല്‍ സമയം അവര്‍ക്കൊപ്പം ചിലവഴിച്ച് അവരെ പിന്തിരിപ്പിച്ച് ലഹരിയില്‍ നിന്ന് മുക്തിനേടുന്നതിനായി ഡി അഡിക്ഷന്‍ സെന്ററില്‍ എത്തിക്കണം. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവാന്‍മാരാക്കി ചികിത്സ നല്‍കി സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. കുട്ടി ആരുടെ കൂടെയാണ് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതെന്നറിഞ്ഞ് അവരുടെ രക്ഷിതാക്കളെ കൂടി അറിയിക്കുകയും കുട്ടികളില്‍ ഇവ എത്തുന്ന വഴികളെക്കുറിച്ച് വേണ്ടപ്പെട്ട അധികാരികളെ അറിയിക്കുകയും വേണം. ലഹരിമരുന്നിനോടുള്ള അടിമത്വം രോഗമായി കണ്ട് വ്യക്തിയുടെ സ്വകാര്യതയ്ക്കും വ്യക്തിത്വത്തിനും കോട്ടം തട്ടാതെയുള്ള ചികിത്സയാണ് നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സതേണ്‍ റീജിയണല്‍ കണ്‍സര്‍വേറ്റര്‍ (ഐ ആന്റ് ഇ) ഐ.സിദ്ദിഖ് ഉദ്ഘാടനം നിര്‍വഹിച്ചു. പെരിയാര്‍ കടുവാസങ്കേതം ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശില്പ വി കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ്, വൈസ് പ്രസിഡന്റ് സണ്‍സി മാത്യു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹൈദ്രോസ് മീരാന്‍, മെമ്പര്‍ ഉഷ രാജന്‍, റ്റി.റ്റി. തോമസ്, ചൈല്‍ഡ്‌ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് വടക്കേല്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ പി.കെ വിപിന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.