രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന നിക്ഷേപ പദ്ധതികൾ നിരോധിച്ചുകൊണ്ടുള്ള പുതിയ ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന നിക്ഷേപ പദ്ധതികൾ നിരോധിച്ചുകൊണ്ടുള്ള പുതിയ ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഫെബ്രുവരിയിൽ ഇതുസംബന്ധിച്ച ഓർഡിനൻസ് സർക്കാർ പുറത്തിറക്കിയെങ്കിലും ഓഗസ്റ്റിൽ അതിന്റെ കാലാവധി തീരും. അതിനാലാണ് പുതിയ ബിൽ കൊണ്ടുവന്നിരിക്കുന്നത്.
കോർപറേറ്റ് കാര്യ മന്ത്രാലയം, ആർബിഐ, സെബി തുടങ്ങിയ റെഗുലേറ്റർമാരുടെ കീഴിൽ രജിസ്റ്റർ ചെയ്യാത്ത, അനധികൃതമായി നടത്തുന്ന ചിട്ടി ഫണ്ടുകളും കുറികളും പിരമിഡ് സ്കീമുകളും സാധാരണക്കാരുടെ പണവുമായി കടന്നുകളയുന്നത് സർവസാധാരണമാണ്. ഇതിന് തടയിടാൻ ലക്ഷ്യമിട്ടുള്ളതാണ് ‘ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ഓര്‍ഡിനന്‍സ്-2019.
ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച് മൂന്ന് തരത്തിലുള്ള നിയമലംഘനങ്ങളാണ് ഉള്ളത്. രജിസ്റ്റർ ചെയ്യാത്ത അഥവാ അൺറെഗുലേറ്റഡ് ആയ ഡെപ്പോസിറ്റ് സ്കീം നടത്തുക, രജിസ്റ്റർ ചെയ്ത സ്കീം ആണെങ്കിൽ കൂടി അതിൽ തട്ടിപ്പ് നടത്തുക, അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീമിന് പ്രോത്സാഹനം നൽകുക.
അൺറെഗുലേറ്റഡ് നിക്ഷേപങ്ങൾ നടത്തുന്ന കമ്പനികളും സ്ഥാപനങ്ങളും നിക്ഷേപം സ്വീകരിക്കുന്നതും പരസ്യം നൽകുന്നതും ശിക്ഷാർഹമാണ്. അത്തരം സ്ഥാപനങ്ങളുടെ ബ്രാൻഡ് അംബാസഡർമാരായി പ്രശസ്തർ പ്രവർത്തിക്കുന്നതും കുറ്റകരമാണ്.
ബന്ധുക്കൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രോപ്പർട്ടി വാങ്ങുന്നവർ, ഉപഭോക്താക്കൾ എന്നിവരിൽ നിന്ന് തുക സ്വീകരിക്കാം.
ഒരു പ്രൊപ്രൈറ്റർക്ക് ബന്ധുക്കളല്ലാത്തവരിൽ നിന്ന് നിക്ഷേപം വാങ്ങാം. എന്നാൽ അത് മുഴുവനായും ബിസിനസ് ആവശ്യത്തിനായിരിക്കണം.
ജൂവലറികൾ നടത്തുന്ന ഡെപ്പോസിറ്റ് സ്കീമുകൾ നിയമവിരുദ്ധമാകും
ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പിൽ ഉള്ള സ്ഥാപങ്ങൾക്ക് പാർട്ണർമാരിൽ നിന്നും ഡെപ്പോസിറ്റ് സ്വീകരിക്കാം; എന്നാൽ ഇത് വായ്പയായല്ല, മറിച്ച് പാർട്ണരുടെ മൂലധനത്തിലേക്കുള്ള കോൺട്രിബ്യുഷൻ ആയേ കണക്കാക്കാനാവൂ. എന്നാൽ പാർട്ണർമാരുടെ ബന്ധുക്കളിൽ നിന്ന് ലോൺ നേടുന്നതിന് തടസമില്ല.
വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ വോട്ടില്ലാത്ത അംഗങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ പാടില്ല.
ഡെസിഗ്നേറ്റഡ് ട്രാൻസാക്ഷനുകൾ വഴി മാത്രമേ നിക്ഷേപം സ്വീകരിക്കാവൂ എന്ന വ്യവസ്ഥ റിയൽ എസ്റ്റേറ്റുകാർക്ക് ക്ഷീണമുണ്ടാക്കും.
നിയമം ലംഘിക്കുന്നവർക്ക് ബില്ലില്‍ കർശനമായ ശിക്ഷയും പിഴയും വ്യവസ്ഥചെയ്തിട്ടുണ്ട്.
അന്യായമായി നേടിയത് തിരിച്ചുകൊടുക്കുന്നതിന് വേണ്ട വ്യവസ്ഥകളും ബില്ലിലുണ്ട്.
അധികാരിക്ക് വസ്തുക്കള്‍/ആസ്തികള്‍ എന്നിവ കണ്ടുകെട്ടുന്നതിനും നിക്ഷേപകര്‍ക്ക് മടക്കിക്കൊടുക്കുന്നതിനായി അത് വിക്രയം ചെയ്യാനുമുള്ള അധികാരവും ബില്‍ നല്‍കുന്നുണ്ട്.
നിക്ഷേപ ഇടപാടുകളുടെ വിവരങ്ങള്‍ ശേഖരിച്ചുവെക്കാൻ ഒരു ഓണ്‍ലൈന്‍ ഡേറ്റാബേസ് രൂപീകരിക്കും.
നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കാണ്