കേരളം വീണ്ടും നിപ്പ രോഗത്തെ അഭിമുഖീകരിക്കുമ്പോൾ ഈ വൈറസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
നിപ്പ ബാധിച്ച മനുഷ്യനില്‍ നിന്നും മറ്റു മനുഷ്യരിലേക്കാണ് നിപ്പ ബാധിക്കുന്നതെങ്കിലും വ്യാപകമായി പരക്കാനുള്ള സാധ്യതയില്ലാത്തതിനാല്‍ പരിഭ്രാന്തിപ്പെടേണ്ട ആവശ്യമില്ല. പക്ഷെ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും വേണം. രോഗത്തെക്കുറിച്ചും രോഗം പകരുന്ന രീതികളെ ക്കുറിച്ചും അതിൻ്റെ കാഠിന്യത്തെക്കുറിച്ചും അറിയുക വഴി രോഗത്തെ എളുപ്പത്തില്‍ ചെറുക്കാവുന്നതാണ്.
എന്താണ് ഈ നിപ വൈറല്‍ പനി?
1998 ല്‍ മലേഷ്യയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത് 2001 മുതല്‍ 2008 വരെയുള്ള കാലയളവില്‍ ബംഗ്ലാദേശിലും ഇന്ത്യയില്‍ ബംഗാളിലും ഈ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.അതിനു ശേഷം കഴിഞ്ഞ ജൂണില്‍ കേരളത്തിലാണ് ഈ പനി വീണ്ടും സ്ഥിരീകരിക്കുന്നത്. ഏറ്റവും ഒടുവിലായി സംസ്ഥാനത്ത് തന്നെ കൊച്ചിയിലാണ് നിപ്പയുടെ സാന്നിധ്യം യുവാവായ രോഗിയിലുള്ളതായി സ്ഥിരീകരണം വരുന്നത്.
നിപ എന്ന ഒരു വൈറസ് ആണ് രോഗമുണ്ടാക്കുന്നത്. പഴങ്ങള്‍ കഴിച്ചു ജീവിക്കുന്ന ചില ഇനം വവ്വാലുകളിലാണ് (fruit bat) ഈ വൈറസ് കാണപ്പെടുന്നത്. ഇത്തരം വവ്വാലുകള്‍ നിപ വൈറസിൻ്റെ പ്രകൃതിദത്ത വാഹകരാണ് (natural carriers). അതുകൊണ്ടു തന്നെ വവ്വാലുകള്‍ക്ക് ഈ രോഗം ബാധിക്കില്ല. എന്നാല്‍ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, ഉമിനീര് എന്നിങ്ങനെയുള്ള ശരീര സ്രവങ്ങളിലൂടെ വൈറസുകള്‍ പുറത്തേക്കു വ്യാപിക്കും. ഇങ്ങനെ പുറത്തു വരുന്ന വൈറസുകള്‍ പന്നി, പട്ടി, പൂച്ച, കുതിര, ആട് തുടങ്ങിയ മൃഗങ്ങള്‍ക്കു രോഗം വരന്‍ ഇടയാക്കും. ഈ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും രോഗം വ്യാപിക്കാം. 1998 ല്‍ മലേഷ്യയില്‍ മനുഷ്യരിലേക്ക് അസുഖം ബാധിച്ചത് പന്നികളില്‍ നിന്നായിരുന്നു. വവ്വാലുകളുടെ ശരീര സ്രവങ്ങളും വിസര്‍ജ്യവും കലര്‍ന്ന കള്ള് ഉപയോഗിച്ചതില്‍ നിന്നാണ് ബംഗ്ലാദേശില്‍ പ്രധാനമായും രോഗം ഉണ്ടായത്. വവ്വാലുകളില്‍ നിന്ന് നേരിട്ടും മറ്റു വളര്‍ത്തു മൃഗങ്ങളെ ബാധിക്കുന്നതിൻ്റെ ഭാഗമായും മനുഷ്യര്‍ക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കാലാവസ്ഥാ മാറ്റത്തിൻ്റെ ഭാഗമായി വവ്വാലുകളില്‍ വൈറസിൻ്റെ സാന്ദ്രത വര്‍ധിച്ചതും ഈ രോഗം രൂപപ്പെടാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു.
എങ്ങിനെയാണ് പകരുന്നത്?
വവ്വാലുകള്‍ ഭക്ഷിച്ചുപേക്ഷിച്ച പഴങ്ങളിലൂടെയും, വവ്വാലുകളുടെ ശരീര സ്രവങ്ങളുമായുള്ള സമ്ബര്‍ക്കത്തിലൂടെയും, രോഗ ബാധയുള്ള വളര്‍ത്തു മൃഗങ്ങളില്‍ നിന്നും മനുഷ്യര്‍ക്ക് രോഗം വരം. രോഗം ബാധിച്ച ഒരാളില്‍ നിന്നും മറ്റു വ്യക്തികളിലേക്കു രോഗം പകരാം. രോഗിയുടെ ശരീര സ്രവങ്ങളുമായുള്ള സമ്ബര്‍ക്കത്തിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് ബാധിക്കുന്നത്. ജലദോഷമോ ഫ്ലൂവോ പടരുന്നത് പോലെ അതിവേഗം വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്ന ഒരു രോഗമല്ല ഇത്. രോഗിയുടെ അടുത്ത് വളരെ നേരം ചെലവഴിക്കുകയും ശരീര സ്രവങ്ങളുമായി സമ്ബര്‍ക്കമുണ്ടാവുകയും ചെയ്യുമ്പോള്‍ മാത്രമേ രോഗം മറ്റൊരാളിലേക്ക് പകരുകയുള്ളു. രോഗിയെ പരിചരിക്കുന്ന ആളുകള്‍ മാസ്കും ഗ്ലൗസും ഉപയോഗിക്കുകയും ശരീര സ്രവങ്ങളുമായി ബന്ധപ്പെടുന്ന സാഹചര്യങ്ങളില്‍ വ്യക്തി സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ രോഗം പകരുന്നത് ഒഴിവാക്കാന്‍ സാധിക്കും.
രോഗ ലക്ഷണങ്ങള്‍
നാലു മുതല്‍ പതിനെട്ട് ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. അതായതു വൈറസ് ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാലും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങാന്‍ ഇത്രയും ദിവസങ്ങള്‍ വേണ്ടി വരും പുറത്ത് കടക്കാന്‍. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ്, ശ്വാസകോശങ്ങളെ ഗുരുതരമായി ബാധിക്കുന്ന ചില പ്രശ്ങ്ങള്‍ എന്നിവയുണ്ടാകാനും സാധ്യതയുണ്ട്
സംശയിക്കേണ്ട പനി!
പനിക്കൊപ്പം പെരുമാറ്റ വ്യത്യാസം, സ്ഥല കാല ബോധമില്ലാത്ത അവസ്ഥ, ബോധക്ഷയം, അപസ്മാരം, എന്നിവ കാണുകയാണെങ്കില്‍
രോഗ ബാധയുള്ള വ്യക്തിയുമായി ഏതെങ്കിലും തരത്തില്‍ സമ്ബര്‍ക്കം പുലര്‍ത്തിയ ഒരാള്‍ക്ക് പനി ബാധിച്ചാല്‍ (പ്രതേകിച്ചും ചുമ പോലുള്ള ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളോടെ)
പനി വന്നാല്‍ ചെയ്യേണ്ട ഏറ്റവും അടുത്ത മുന്‍കരുതല്‍
തൊട്ടടുത്തുള്ള ആശുപത്രിയില്‍ സമീപിക്കുക. ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തുടരുക. ഗുരുതരമല്ലാത്ത പനിയാണെങ്കില്‍ യാത്രകള്‍ ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കുക. ചികിത്സാ പൂര്‍ത്തിയാക്കുക.
ചികിത്സാ രീതി?
രോഗം നേരത്തെ കണ്ടെത്തി അത് ഗുരുതരമായി മാറാതെ നോക്കാനുള്ള സപ്പോര്‍ട്ടീവ് ചികിത്സകളാണ് വേണ്ടത്. പനി കുറക്കാനുള്ള മരുന്ന്, ശ്വാസതടസ്സം ഒഴിവാക്കാനുള്ള വെന്റിലേഷന്‍ പോലുള്ള സംവിധാനങ്ങള്‍, എന്‍സഫലൈറ്റിസ് മൂലമുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനാവശ്യമായ മരുന്നുകള്‍ എന്നിങ്ങനെ രോഗത്തെ നേരിടാനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ സജ്ജമാണ്.
പഴങ്ങള്‍ കഴിക്കുമ്പോള്‍..
വവ്വാലുകള്‍ കടിച്ചുപേക്ഷിച്ച പഴങ്ങളില്‍ നിന്ന് മാത്രമേ രോഗാണു ബാധയ്ക്കു സാധ്യതയുള്ളു. കഴിവതും പരിക്ക് പറ്റിയ പഴങ്ങള്‍ ഒഴിവാക്കുക. വെള്ളം കഴിവതും തിളപ്പിച്ചാറ്റി കുടിക്കുക