കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന
ന്യൂഡല്‍ഹി: കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി
ചില ചൈനീസ് ഓഹരി ഉടമകള്‍ വ്യാജരേഖ നിര്‍മിച്ചുവെന്നാരോപിച്ച് കമ്ബനിയുടെ ജമ്മു-കശ്മീരിലെ ഏജന്‍സിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇ.ഡി കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്തത്. ഇല്ലാത്ത കമ്ബനികളുടെ പേരില്‍ വിദേശത്തുനിന്ന് അനധികൃത പണം കൊണ്ടുവരാനാണ് വ്യാജ രേഖകളുണ്ടാക്കിയതെന്ന് ഇ.ഡി സംശയിക്കുന്നു.
ചൈനീസ് കമ്ബനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുമ്ബോള്‍ കള്ളപ്പണം വെളുപ്പിക്കുന്നതും നികുതി വെട്ടിക്കുന്നതും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ നടപടി തുടങ്ങിയിരുന്നു. മുന്‍നിര ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്ബനിയായ ഷവോമിയുടെ 5551 കോടിയുടെ നിക്ഷേപം പിടിച്ചെടുക്കാന്‍ ഇ.ഡി ഏപ്രിലിലാണ് ഉത്തരവിട്ടത്. മറ്റൊരു ചൈനീസ് ടെലികോം കമ്ബനി വാവേയുടെ ഓഫിസില്‍ ഫെബ്രുവരിയില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നികുതി കുറച്ചുകാണിക്കാന്‍ കണക്കില്‍ കൃത്രിമം കാണിച്ചെന്നാണ് ആദായനികുതി വകുപ്പിന്റെ ആരോപണം. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്ബനികളായ ഷവോമി, ഓപ്പോ, വിവോ, എന്നിവയുടെ വിതരണക്കാരുടെയും ഇതുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍ കാണിക്കാത്ത 6500 കോടിയുടെ വരുമാനം കണ്ടെത്തിയതായി ആദായനികുതി വകുപ്പ് വെളിപ്പെടുത്തിയിരുന്നു