ടൂറിസം രംഗത്ത് അതിരപ്പിള്ളിയുടെ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തും : മന്ത്രി പി.രാജീവ്
അതിരപ്പിള്ളി : (24.04.2023) കേരളം മൊത്തം ഒരു ടൂറിസം സ്ഥലമാണെന്നുള്ളതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും അതില്‍ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നായിട്ടാണ് അതിരപ്പിള്ളിയെ കാണുന്നതെന്നും മന്ത്രി പി.രാജീവ്. ദക്ഷിണേന്ത്യയിലെ പ്രമുഖ വാട്ടര്‍ തീം പാര്‍ക്കായ സില്‍വര്‍ സ്റ്റോമില്‍ പുതുതായി ആരംഭിച്ച നാല് റൈഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം രംഗത്ത് സ്വകാര്യ സംരംഭകരുടെ കൂടി സഹകരണത്തോടെ അതിരപ്പിള്ളിയുടെ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അത്ര സുപരിചിതമല്ലാത്ത കരിബിയന്‍ ബേ അക്വാ പ്ലേസ്‌റ്റേഷന്‍, ബൂമറാംഗ്, അക്വാലൂപ്പ്, കാമികസി എന്നീ നാല് പുതിയ ഹൈ-ത്രില്ലിങ് വാട്ടര്‍ റൈഡുകളാണ് ഉദ്ഘാടനം ചെയ്യ്തത്. ഡിസംബറില്‍ പണിപൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന കേബിള്‍ കാര്‍ പ്രൊജക്ടിന്റെ തറകല്ലിടല്‍ ചടങ്ങും മന്ത്രി നിര്‍വ്വഹിച്ചു.
സര്‍ക്കാരിനോടൊപ്പം അതിരപ്പിള്ളിയിലെ ടൂറിസം വികസന പദ്ധതികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും പരമാവധി സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സില്‍വര്‍സ്റ്റോമില്‍ തന്നെ 15 ഏക്കര്‍ സ്ഥലത്ത് കെ.എസ്.ഐ.ഡിസിയുടെ സാമ്പത്തിക സഹകരണത്തോടെ നൂറ് കോടിയില്‍ പരം രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കിവരികയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ എ.ഐ.ഷാലിമാര്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഫോറസ്റ്റ് വില്ലേജ്, ബ്രിട്ടീഷ് ബംഗ്ലോ റിസോര്‍ട്ട്, കണ്‍വന്‍ഷന്‍ സെന്റര്‍ എന്നിവയും പ്രവര്‍ത്തന സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.
ചാലക്കുടി എം.എല്‍.എ ടി.ജെ.സനീഷ്‌കുമാര്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊടുങ്ങുല്ലൂര്‍ എം.എല്‍.എ അഡ്വ.വി.ആര്‍.സുനില്‍കുമാര്‍, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആതിര ദേവരാജന്‍, വാര്‍ഡ് മെമ്പര്‍ സി.സി.കൃഷ്ണന്‍, കെ.എസ്.ഐ.ഡി.സി ജനറല്‍ മാനേജര്‍ ആര്‍.പ്രശാന്ത്, ഡി.ജി.എം.വര്‍ഗീസ് മാളക്കാരന്‍, സീഷോര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അലി, സി.പി.എം.അതിരപ്പിള്ളി ലോക്കല്‍ കമ്മിറ്റി സെക്ട്രട്ടറി കെ.എസ്.സതീഷ് കുമാര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി.ജോര്‍ജ്, സി.പി.ഐ.ലോക്കല്‍ സെക്രട്ടറി കെ.കെ.സന്തോഷ്, ബി.ജെ.പി അതിരപ്പിള്ളി മണ്ഡലം പ്രസിഡന്റ് പി.ടി.ജിന്‍സണ്‍, സില്‍വര്‍ സ്റ്റോം ചെയര്‍മാന്‍ പി.കെ.അബ്ദുള്‍ ജലീല്‍ , ഡയറക്ടര്‍മാരായ അബ്ദുള്‍ അസ്സീസ്, എം.എസ്.ചന്ദ്രന്‍, ജനറല്‍ മാനേജര്‍ കെ.രാമചന്ദ്രന്‍, സിനിമാതാരം നിരഞ്ജന അനൂപ്, ബിഗ്‌ബോസ് താരങ്ങളായ റംസാന്‍ മുഹമ്മദ്, ദില്‍ഷ പ്രസന്നന്‍, ഇന്ത്യന്‍ ഐഡല്‍ ഫെയിം വൈഷ്ണവ് ഗിരീഷ് തുടങ്ങിയവരും പങ്കെടുത്തു.