യുവാക്കൾ കൂട്ടത്തോടെ കേരളം വിട്ട് വിദേശത്തേക്ക് കുടിയേറുന്നത് തടയാൻ സംസ്ഥാനം നിയമ നിർമ്മാണത്തിലേക്ക്
ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കൾ കൂട്ടത്തോടെ കേരളം വിട്ട് വിദേശത്തേക്ക് കുടിയേറുന്നത് തടയാൻ സംസ്ഥാനം നിയമ നിർമ്മാണത്തിന് തയ്യാറെടുക്കുന്നു.
ഉന്നത പഠനത്തിനായി യുവാക്കളെ റിക്രൂട്ട്ചെയ്യുന്ന ഏജൻസികളെ നിയന്ത്രിക്കാനെന്ന പേരിലാണിത് പുതിയ നിയമം വരുന്നത്.
നിയമ നിർമ്മാണം പഠിക്കാൻ ഡിജിറ്റൽ സർവകലാശാലാ വി.സി പ്രൊഫ സജി ഗോപിനാഥ് അധ്യക്ഷനായും,വിദ്യാർത്ഥി കുടിയേറ്റത്തെക്കുറിച്ച് പഠിക്കാൻ കണ്ണൂർ സർവകലാശാലാ വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായും രണ്ട് സമിതികൾ രൂപീകരിച്ചു. സുപ്രീംകോടതി അഭിഭാഷകൻ ശ്രീറാം പറക്കാട്ടും സമിതിയിലുണ്ട്.
സാമ്പത്തികമായും വൈജ്ഞാനികമായും തിരിച്ചടിയാകാവുന്ന 'മസ്തിഷ്ക ചോർച്ച' തടയുകയാണ് ലക്ഷ്യം.
ചൈന, വിയറ്റ്നാം അടക്കം വിദേശ കുടിയേറ്റ നിയന്ത്രണ നിയമങ്ങളുടെ മാതൃകയിലാണ് നിയമ നിർമ്മാണം പരിഗണിക്കുന്നത്.
കേരളത്തിൽ നിന്ന് പ്രതിവർഷം ശരാശരി 35000 കുട്ടികൾ വിദേശത്ത് പോകുന്നു. കോടിക്കണക്കിന് രൂപ ഫീസിനത്തിൽ പുറത്തേക്കൊഴുകുന്നു. സ്ഥിരതാമസം, വർക്ക്പെർമിറ്റ് എന്നിവ നൽകുന്ന രാജ്യങ്ങളിലേക്ക് കൂടുതൽ ഒഴുക്ക്. കൂടുതൽ സ്വതന്ത്രമായ സാമൂഹ്യസാഹചര്യം, വായ്പയുടെ ലഭ്യതക്കൂടുതൽ എന്നിവയും കാരണങ്ങളാണ്.