യു.കെയിൽ പഠനവിസകൾക്ക് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ നീക്കംനടക്കുന്നതായി റിപ്പോർട്ട്.
യു.കെയിൽ പഠനവിസകൾക്ക് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ നീക്കംനടക്കുന്നതായി റിപ്പോർട്ട്.
ഇന്ത്യക്കാർ അടക്കം ലക്ഷക്കണക്കിനുപേർക്ക് ഭീഷണിയാണിത്. പഠനശേഷമുള്ള താമസ കാലയളവ് കുറക്കൽ, കുടുംബ വിസക്ക് നിയന്ത്രണം തുടങ്ങിയ നടപടികൾ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമം ‘ദ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാനും വിദ്യാഭ്യാസ വകുപ്പും കൊമ്പുകോർക്കുകയാണെന്ന് ബുധനാഴ്ച ‘ദ ടൈംസ്’ റിപ്പോർട്ട് ചെയ്തു
ബിരുദശേഷം പഠനവിസയിൽ യു.കെയിൽ എത്തുന്നവർക്ക് തുടർപഠനത്തിനുശേഷം രണ്ടുവർഷംകൂടി യു.കെയിൽ തുടരാൻ അവസരമുണ്ട്. വിദ്യാഭ്യാസ ഫീസ് അടക്കമുള്ള ചെലവുകൾ രണ്ടുവർഷം ജോലി ചെയ്ത് ഉണ്ടാക്കാമെന്ന മെച്ചവുമുണ്ട്. ഇതാണ് കുറക്കാൻ നീക്കം നടക്കുന്നത്.
വിദേശ വിദ്യാർഥികൾക്ക് പിഎച്ച്.ഡി പോലുള്ള ബിരുദാനന്തര ഗവേഷണ അധിഷ്ഠിത കോഴ്‌സുകളിലോ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ദൈർഘ്യമുള്ള ബിരുദാനന്തര കോഴ്‌സുകളിലോ ആണെങ്കിൽ മാത്രമേ ആശ്രിതരായ കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരാൻ അനുവദിക്കൂവെന്നതാണ് പരിഗണനയിലുള്ള മറ്റൊരു പരിഷ്‍കാരം.