'ഉൾക്കനൽ' സിനിമയുടെ വിനോദ നികുതി ഒഴിവാക്കി
ഉൾക്കനൽ എന്ന ചിത്രത്തെ വിനോദനികുതിയിൽ നിന്ന് ഒഴിവാക്കിയെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ദേവി ത്രിപുരാംബികയുടെ ബാനറിൽ ഒരുക്കിയ ചിത്രം ഗോത്രജീവിതത്തിൻറെ കഥയാണ് പറയുന്നത്. അട്ടപ്പാടിയിൽ മാത്രം ചിത്രീകരിച്ച് ആദിവാസി വിഭാഗത്തിൽപ്പെട്ടവർ അഭിനയിച്ച ചിത്രമാണ് ഉൾക്കനൽ. കേരളാ ഫിലിം ഡവലപ്‌മെന്റ് കോർപറേഷൻ എംഡിയുടെ ശുപാർശ പരിഗണിച്ചാണ് ടിക്കറ്റിന്റെ വിനോദനികുതി ഒഴിവാക്കിയത്. ചിത്രത്തിന്റെ മേൻമ, സാമൂഹിക പ്രസക്തി, കൈകാര്യം ചെയ്യുന്ന വിഷയം എന്നിവയും പരിഗണിച്ചു.