ഫാബ് അക്കാദമി 2025: അപേക്ഷ ക്ഷണിക്കുന്നു;ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ പഠിക്കാന്‍ അവസരം
കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കീഴിലുള്ള ഫാബ് അക്കാദമി 2025 കോഴ്സിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അന്താരാഷ്ട്ര അംഗീകാരമുള്ള ഫാബ് ഫൗണ്ടേഷന്‍ തയ്യാറാക്കുന്ന സിലബസിലാണ് ഇവിടെ കോഴ്സുകള്‍ സംഘടിപ്പിക്കുന്നത്. അമേരിക്കന്‍ സാങ്കേതിത സര്‍വകലാശാലയായ മസാച്ചുസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി (എം.ഐ.ടി) സഹകരിച്ചാണ് ഫാബ് അക്കാദമി പ്രവര്‍ത്തിക്കുന്നത്.
ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍, റാപ്പിഡ് പ്രോട്ടോടൈപ്പിംഗ് എന്നീ മേഖലകളില്‍ താല്‍പര്യമുള്ളവര്‍ക്ക് ആറുമാസ ദൈര്‍ഘ്യമുള്ള ഈ കോഴ്സിന് അപേക്ഷിക്കാം. 20 ആഴ്ചകളിലായി 20 വ്യത്യസ്ത കമ്പ്യൂട്ടര്‍ അധിഷ്ഠിത നിര്‍മാണ മാര്‍ഗങ്ങള്‍ പഠിക്കുന്നതാണ് കോഴ്സിന്‍റെ പ്രത്യേകത. എം.ഐ.ടി സെന്‍റര്‍ ഫോര്‍ ബിറ്റ്സ് ആന്‍ഡ് ആറ്റംസ് ഡയറക്ടര്‍ പ്രൊഫ. നീല്‍ ഗര്‍ഷന്‍ഫെല്‍ഡിന്‍റെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. ഓരോ ആഴ്ചയിലും ഓരോ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കും കോഴ്സ് അവസാനിക്കുമ്പോള്‍ പഠിത ടെക്നിക്കുകള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഒരു പ്രോജക്ട് വിദ്യാര്‍ത്ഥികള്‍ നിര്‍മിക്കണം.
ഡിസൈന്‍ അല്ലെങ്കില്‍ ടെക്നോളജി മേഖലയോട് താല്‍പര്യമുള്ള, ഇംഗ്ലീഷ് ഭാഷയില്‍ പ്രാഥമിക അറിവുള്ള ഏതൊരാള്‍ക്കും ഈ കോഴ്സ് പഠിക്കാം. അര്‍ഹരായവര്‍ക്ക് ഫാബ് ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പ് വഴി 80 ശതമാനം ഫീസ് ഇളവ് ലഭിക്കും. കൂടാതെ അഞ്ച് വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് 95 ശതമാനം ഫീസ് ഇളവും നല്‍കുന്നു. അപേക്ഷകരെ ഇന്‍റ്റര്‍വ്യൂവിന്‍റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്താണ് പ്രവേശനം നല്‍കുക.
അപേക്ഷകള്‍ https://fabacademy.fablabkerala.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി: ജനുവരി 5.
കൂടുതല്‍ വിവരങ്ങള്‍ക്ക്, ബന്ധപ്പെടുക : [email protected]
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/HLBdhOEyIWhI5sOebl3aTu