ഇരുപതാം വര്‍ഷത്തില്‍ പുതിയ ലോഗോയുമായി ഇന്‍ഫോപാര്‍ക്ക്
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും ചടുലമായ ഐടി ആവാസവ്യവസ്ഥയുടെ നെടുംതൂണായ ഇന്‍ഫോപാര്‍ക്കിന്‍റെ പുതിയ ലോഗോ നിലവില്‍ വന്നു. പ്രവര്‍ത്തനം തുടങ്ങി ഈ നവംബറിൽ 20 വര്‍ഷങ്ങള്‍ പൂർത്തിയാക്കാനിരിക്കെയാണ് പുതിയ ലോഗോ ഇന്‍ഫോപാര്‍ക്ക് അവതരിപ്പിക്കുന്നത്.
വയലറ്റ്, നീല, പച്ച എന്നീ നിറങ്ങളിലാണ് പുതിയ ലോഗോ. സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയുടെയും ഇന്‍ഫോപാര്‍ക്കിന്‍റെയും സക്രിയമായ വളര്‍ച്ചയെ കാണിക്കുന്നതാണ് ലോഗോയുടെ ഡിസൈന്‍. 20-ാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ ഇന്‍ഫോപാര്‍ക്കിന്‍റെ ശോഭനമായ ഭാവിയെയും ഐടി വ്യവസായത്തിലുള്ള ശക്തമായ സാന്നിദ്ധ്യത്തെയും ഇത് പ്രതിനിധാനം ചെയ്യുന്നു. പെന്‍ റോസ് ട്രയാംഗിളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട പുതിയ ലോഗോ മൂന്ന് ബീമുകള്‍ ചേര്‍ന്ന് അതിരറിയാത്ത ത്രികോണമായി മാറുകയാണ്.
ഐടി നിര്‍മ്മാണ മേഖലയിലെ റിയല്‍ എസ്റ്റേറ്റ് സേവനങ്ങള്‍ക്കപ്പുറം ഐടി ആവാസവ്യവസ്ഥയായി ഇന്‍ഫോപാര്‍ക്ക് മാറുന്നതിന്‍റെ സൂചകമാണ് പുതിയ ലോഗോയെന്ന് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ഇന്‍സ്പയര്‍ (പ്രചോദനം), കോളാബൊറേറ്റ് (സഹകരണം), ഇനോവേറ്റ് (നൂതനത്വം) എന്നീ ടാഗ് ലൈനും പുതിയ ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫോപാര്‍ക്കിന്‍റെ എല്ലാ രേഖകളിലും ബുധനാഴ്ച മുതല്‍ പുതിയ ലോഗോ ഉപയോഗിച്ച് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കാക്കനാടുള്ള ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നും രണ്ടും എന്നിവ കൂടാതെ കൊരട്ടിയില്‍ ഇന്‍ഫോപാര്‍ക്ക് തൃശൂര്‍, ആലപ്പുഴ ജില്ലയില്‍ ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല എന്നീ കാമ്പസുകളുണ്ട്. മൊത്തമായി 92 .4 ലക്ഷം ചതുരശ്രയടി സ്ഥലമാണുള്ളത്. 70,000 നടുത്ത് ഐടി ജീവനക്കാര്‍ ഇവിടെ ഏതാണ്ട് 582 കമ്പനികളിലായി ജോലി ചെയ്യുന്നു.