കടകളില്‍ ക്യുആര്‍ കോഡ് ഉപയോഗിച്ചുള്ള യുപിഐ പെയ്‌മെന്റ് സംവിധാനം ഉടന്‍
രാജ്യത്തെ നിശ്ചിത വരുമാനപരിധിക്കു മുകളിലുള്ള ഷോപ്പുകളില്‍ ക്യുആര്‍ (ക്വിക്ക് റെസ്‌പോണ്‍സ്) കോഡുകള്‍ ഉപയോഗിച്ചുള്ള യുപിഐ പെയ്‌മെന്റ് സംവിധാനം ഉടന്‍ നിര്‍ബന്ധമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തേ ആരംഭിച്ചുകഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പദ്ധതി നടപ്പിലാക്കാനിരിക്കുകയാണ് അധികൃതര്‍. ജിഎസ്ടി വെട്ടിപ്പുകള്‍ തടയുന്നതിന് എല്ലാ പണമിടപാടുകളും ഡിജിറ്റല്‍ പെയ്‌മെന്റ് രൂപത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ നടപടി. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശത്തിന് ജിഎസ്ടി കൗണ്‍സില്‍ നേരത്തേ അംഗീകാരം നല്‍കിയിരുന്നു.
ക്യുആര്‍ കോഡ് ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ക്ക് കാഷ്ബാക്ക് ഓഫറുകള്‍ ഉള്‍പ്പെടെയുള്ള ഇളവുകള്‍ അനുവദിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. അടക്കുന്ന ജിഎസ്ടിയുടെ 20 ശതമാനം കാഷ്ബാക്കായി നല്‍കാനാണ് ജിഎസ്ടി കൗണ്‍സില്‍ ആലോചിക്കുന്നത്. ഇങ്ങനെ ഒരു ഇടപാടിന് പരമാവധി 100 രൂപ വരെ കാഷ്ബാക്കായി നല്‍കും. റിസര്‍വ് ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയായ നാഷനല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിലെ രണ്ട് പ്രധാന ക്യുആര്‍ കോഡ് രീതികളും എന്‍പിസിഐക്ക് സ്വന്തമാണ് എന്നതിനാല്‍ അത് സ്വകാര്യ കമ്പനിയുടെ കുത്തകവല്‍ക്കരണത്തിന് വഴിയൊരുക്കില്ലേ എന്നൊരു സംശയം ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്.
യുപിഐ (യൂനിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്) അധിഷ്ഠിതമായ ഇടപാടുകള്‍ക്കുള്ള ക്യുആര്‍ കോഡും അതോടൊപ്പം കാര്‍ഡുകളുപയോഗിച്ചുള്ള ഇടപാടുകള്‍ക്കു കൂടി അനുയോജ്യമായ ഭാരത് ക്യുആറുമാണ് എന്‍പിസിഐ വികസിപ്പിച്ചെടുത്തവ. ക്യുആര്‍ കോഡുകള്‍ വഴിയുള്ള പെയ്‌മെന്റ് ഈ സ്വകാര്യ സ്ഥാപനത്തെ മാത്രം ഏല്‍പ്പിക്കുമ്പോള്‍ അവരുടേതല്ലാത്ത പേടിഎം പോലെ സ്വന്തമായി ക്ലോസ്ഡ് ക്യുആര്‍ സമ്പ്രദായം ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ പുറത്താവുമെന്നതാണ് പ്രശ്‌നം.
എന്നു മാത്രമല്ല, എന്‍പിസിഐക്ക് മാത്രം ഇതിന്റെ ചുമതല നല്‍കുന്നതോടെ ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കുള്ള ജിഎസ്ടി ആനുകൂല്യങ്ങള്‍ യുപിഐ പെയ്‌മെന്റുകള്‍ക്കുള്ള ഭീം ആപ്പോ, റൂപേ കാര്‍ഡോ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി ചുരുങ്ങുമെന്ന പ്രശ്‌നവുമുണ്ട്. കോടിക്കണക്കിന് വ്യക്തികളുടെ അക്കൗണ്ട് വിവരങ്ങള്‍ അടക്കമുള്ള ഡാറ്റകള്‍ സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ അവസരമൊരുക്കുന്നത് എത്രമാത്രം സുരക്ഷിതമാണെന്ന പ്രശ്‌നവും ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്. വിസകാര്‍ഡ്, മാസ്റ്റര്‍കാര്‍ഡ്, റൂപേ കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് 2017ല്‍ എന്‍പിസിഐ വികസിപ്പിച്ച ഭാരത് ക്യുആര്‍. പിന്നീട് യുപിഐ ജനറേറ്റ് ചെയ്യുന്ന ക്യുആര്‍ കോഡുകളും ഇതുമായി ബന്ധിപ്പിച്ചിരുന്നു.