എല്ലാം ഡിജിറ്റലായതോടെ തട്ടിപ്പുകാരും ഡിജിറ്റലായി
ഇന്ത്യന്‍ വ്യാപാര മേഖലയില്‍ കഴിഞ്ഞ പതിറ്റാണ്ടു മുമ്പുവരെ ചെറുകിട കച്ചവട സ്ഥാപനങ്ങളായിരുന്നു വളര്‍ന്നു വന്നത്. എന്നാല്‍ നഗരങ്ങള്‍ വളര്‍ന്നതോടെ വന്‍കിട വ്യാപാര സ്ഥാപനങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളും നാടെങ്ങും പടര്‍ന്നു. ഇതിനു പിന്നാലെ ഓണ്‍ലൈന്‍ വ്യാപാരവും തലപൊക്കി. മറ്റ് വിദേശ രാജ്യങ്ങളി ലേതുപോലെ ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട്, സ്‌നാപ് ഡീല്‍, ഷോപ്പ് ക്ലൂസ്, പെപ്പര്‍ ഫ്‌ളൈ, ഇ-ബേ, ആസ്‌ക് മീ ബസാര്‍, മിന്ത്ര, പേ ടി.എം, ജബോങ് തുടങ്ങിയ വന്‍കിട ഓണ്‍ലൈന്‍ വ്യാപാരികളും വ്യാപാര ശൃംഖലയും വന്‍തോതില്‍ ലാഭം കൊയ്യാന്‍ തുടങ്ങി.
നവംബര്‍ 8-ന് കറന്‍സി നിരോധനം നിലവില്‍ വന്നതോടെ ജനങ്ങള്‍ പണമില്ലാതെ ബുദ്ധിമുട്ടി. ഈ സമയം ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് തങ്ങളുടെ ബിസിനസ് വര്‍ദ്ധിക്കുകയും ചെയ്തു. ലാഭത്തിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതോടെ നാട്ടിന്‍പുറങ്ങളിലെ ചെറിയ കച്ചവടക്കാര്‍ പോലും ഓണ്‍ലൈനിലേക്ക് മാറാനുള്ള വഴികള്‍ അന്വേഷിച്ചു തുടങ്ങി.
സംരംഭകര്‍ അവരുടെ ഉല്‍പ്പന്ന ങ്ങള്‍ ഇടനിലക്കാരില്ലാതെയും മൊത്ത വിതരണക്കാരും റീട്ടെയില്‍ ഷോപ്പുകളും ഇല്ലാതെയും നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന രീതിയാണ് ഓണ്‍ലൈന്‍ ബിസിനസ്. പണമിടപാടുകള്‍ നെറ്റ് ബാങ്കിംഗ് വഴി നടക്കും. എന്നാല്‍ ഇതില്‍ നിന്ന് കുറച്ചുകൂടി വ്യത്യസ്ഥമാണ് ഡിജിറ്റല്‍ ബിസിനസ്. ഓരോ കച്ചവടക്കാരനും തങ്ങളുടെ കടയിലെ സാധനങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുന്നതോടൊപ്പം കടകളില്‍ നേരിട്ടെത്തി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താവില്‍ നിന്നും വിലയായി ഈടാക്കുന്ന തുക കറന്‍സിയായി സ്വീകരിക്കാതെ സ്വയ്പിംഗ് മെഷീന്‍ ഉപയോഗി ച്ചോ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചോ പേടിഎം പോലുള്ള കമ്പനികളുടെ സേവനം ഉപയോഗിച്ചോ ഈടാക്കുന്നു. ഇവിടെ പണം കൈമാറ്റം നടക്കുന്നില്ല. പകരം ഉല്‍പ്പാദക കമ്പനികളില്‍ നിന്നും മൊത്ത വിതരണക്കാരില്‍ നിന്നും ശേഖരി ച്ചുവെച്ച സാധനങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ വില്‍പ്പന നടത്തി ലാഭം അക്കൗണ്ടില്‍ നിലനിര്‍ത്തി മൊത്തവിതരണക്കാരനും ഇടനിലക്കാരനും ഉല്‍പ്പാദ കനും നല്‍കാനുള്ള പണം ഓണ്‍ലൈന്‍വഴി തന്നെ കൈമാറ്റം ചെയ്യുന്നു. പച്ചക്കറി മാര്‍ക്കറ്റുകളില്‍പോലും പ്രമുഖ ബേങ്കുകളുടെ പി.ഒ.എസ് മെഷിനുകളും സ്ഥാപിച്ചു കഴിഞ്ഞു.
ബിസിനസ്സ് ഡിജിറ്റലാകുന്നതോടെ കടയുടമകള്‍ക്ക് തങ്ങളുടെ കടയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ അവിശ്വസിക്കേണ്ടതില്ല. കണക്കുകൂട്ടല്‍ എളുപ്പ ത്തിലാകുന്നു. വൈകുന്നേരമാകുമ്പോള്‍ ഒറ്റക്ലിക്കില്‍ അന്നത്തെ ബിസിനസ്സിന്റെ പൂര്‍ണ്ണവിവരം ലഭിക്കുന്നു.സര്‍ക്കാരിനോട് സഹകരിച്ചു പോകുന്നതിനാല്‍ സാമൂഹ്യ പ്രതിബദ്ധതയുടെ ഒരു പാഠം കൂടി ഡിജിറ്റല്‍ ബിസിനസ്സിലൂടെ പ്രാവര്‍ത്തികമാകുന്നു. ചില്ലറയില്ലാത്തതിന്റെ പേരില്‍ ഉപഭോക്താവുമായി തര്‍ക്കി ക്കേണ്ടിവരുന്നില്ല.
കരുതിയിരിക്കാം ഓൺലൈൻ തട്ടിപ്പുകാരെ
എല്ലാം ഡിജിറ്റലായതോടെ തട്ടിപ്പുകാരും ഡിജിറ്റലായിട്ടുണ്ട്. ഹാക്കര്‍മാരും ഓണ്‍ലൈന്‍ കള്ളന്മാരും സജീവമാകാന്‍ ഇടയുള്ള കാലമാണിത്. അതുകൊണ്ടു തന്നെ ബിസിനസ്സ് ഡിജിറ്റലാക്കുമ്പോള്‍ ഒരു മുന്‍കരുതലും ആവശ്യമാണ്. കടയിലെ അക്കൗണ്ടിലെ യൂസര്‍ ഐഡിയും പാസ് വേഡും രഹസ്യമായി സൂക്ഷി ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മൊബൈല്‍ വഴി ഇടപാടുകള്‍ നടത്തുന്നവര്‍ ഒരിക്കലും വേഗതക്കുവേണ്ടി യൂസര്‍ ഐഡിയും പാസ്‌വേഡും സെറ്റു ചെയ്ത് വയ്ക്കരുത്. ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും പാസ്‌വേഡ് ഉപയോഗിച്ച് കയറാന്‍ ശ്രമിക്കണം. ആഴ്ചയില്‍ ഒരിക്കല്‍പാസ്‌വേഡ് മാറ്റി സെറ്റു ചെയ്യുന്നത് നല്ലതാണ്. ഇ-മെയില്‍ ഐ.ഡിയുടെ കാര്യത്തിലും ഇങ്ങനെ തന്നെ. കടയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ആള്‍ക്ക് പൂര്‍ണ്ണ അധികാരം നല്‍കുന്നതിനു പകരം താല്‍ക്കാലിക ചുമതല നല്‍കുന്ന രീതിയിലാക്കണം. മൊബൈല്‍ഫോണ്‍ കൈമാറ്റം ചെയ്യുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുകയോ ചെയ്യരുത്. കൂടുതല്‍ കമ്പ്യൂട്ടറുകളും നെറ്റുവര്‍ക്കുകളും ഉപയോഗിക്കുന്നവര്‍ സൈബര്‍ സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടതാണ്. ഇതിനായി ധാരാളം സോഫ്ട്‌വെയര്‍ കമ്പനികള്‍ നിലവിലുണ്ട്. കരാര്‍ അടിസ്ഥാനത്തിലോ മറ്റോ കടകള്‍ക്കു മുമ്പില്‍ സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുന്നതുപോലെ സൈബര്‍ സെക്യൂരിറ്റി സംവിധാനം ഏര്‍പ്പെടുത്തുന്നത് നല്ലതാണ്.
'ക്യാഷ്‌ലെസ് ഇക്കോണമി'യിലേക്ക് നീങ്ങുകയാണ് ഇന്ത്യ. നമ്മുടെ ഗ്രാമങ്ങളും ഇതിനോട് താതാമ്യപ്പെട്ടുവരുന്നു. അതിന്റെ ഭാഗമാണ് കറന്‍സി രഹിത ഡിജിറ്റല്‍ ധനകാര്യ വ്യവസ്ഥയും ഡിജിറ്റല്‍ ബിസിനസ്സും. തങ്ങളുടെ ചെറിയ ബിസിനസ് സംരംഭത്തെപ്പോലും ഒട്ടും ചെറുതല്ലാതെയും നഷ്ടമില്ലാതെയും നിലനിറുത്തുക എന്നുള്ളതാണ് ഓരോ കച്ചവടക്കാരനും ഇന്ന് നേരിടുന്ന വെല്ലുവിളി. ഇതിനെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങളിലൊന്ന് മാത്രമാണ് ഡിജിറ്റല്‍ ബിസിനസ്.