അമിത വേഗത കുറയ്ക്കാന്‍ സംവിധാനവുമായി ഗൂഗിള്‍ മാപ്പ്; സ്പീഡ് ക്യാമറയുണ്ടെങ്കില്‍ മുന്നറിയിപ്പ്
ഹൈവേകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ക്യാമറകളെക്കുറിച്ചുള്ള വിവരങ്ങളും ഇനി ഗൂഗിള്‍ മാപ്പില്‍ ലഭിക്കും. ഉപഭോക്താക്കള്‍ തന്നെയാണ് ക്യാമറ മാപ്പില്‍ രേഖപ്പെടുത്തുന്നതും. ഒരിക്കല്‍ രേഖപ്പെടുത്തിയ ക്യാമറയുടെ സമീപത്ത് മറ്റ് ഉപഭോക്താക്കള്‍ എത്തുമ്ബോള്‍ അലേര്‍ട്ട് ലഭിക്കുന്ന തരത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.
സ്പീഡ് ക്യാമറ സ്ഥാപിച്ചിരിക്കുന്ന ലൊക്കേഷനില്‍ ക്യാമറയുടെ ഐക്കണ്‍ പ്രത്യക്ഷപ്പെടുന്നതുവഴിയാണ് ഉപഭോക്താക്കളിലേക്ക് ഈ വിവരം കൈമാറപ്പെടുന്നത്. എത്ര പേര്‍ ക്യാമറ റിപ്പോര്‍ട്ട് ചെയ്തു എന്നതടക്കമുള്ള വിവരമാണ് മാപ്പില്‍ ലഭ്യമാക്കുക. വണ്ടിയോടിക്കുന്നതിനിടയില്‍ അമിത വേഗത കുറയ്ക്കാനും നിയമം ലംഘിച്ച് പിഴയൊടുക്കുന്നത് ഒഴിവാക്കാനും പ്രയോജനകരമാണ് ഈ പുതിയ സംവിധാനം.അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രേലിയ, റഷ്യ, ബ്രസീല്‍, മെക്സിക്കോ, ക്യാനഡ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ അവതരിപ്പിച്ച സേവനമാണ് ഇപ്പോള്‍ ഇന്ത്യയിലും എത്തുന്നത്.