ഗൂഗിള്‍ മാപ്പില്‍ മൂന്നു ഫീച്ചറുകള്‍ കൂടി
ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഗൂഗിള്‍ മാപ്പ് പുതിയ മൂന്നു ഫീച്ചറുകള്‍ അവതരിപ്പിച്ചു. റിയല്‍ ടൈം ബസ് ട്രാവല്‍ ഇന്‍ഫര്‍മേഷന്‍, ലൈവ് ട്രെയിന്‍ സ്റ്റാറ്റസ്, മിക്സ്ഡ് മോഡ് നാവിഗേഷന്‍ എന്നിവയാണ് പുതിയ ഫീച്ചറുകള്‍.
റിയല്‍ ടൈം ബസ് ട്രാവല്‍ ഇന്‍ഫര്‍മേഷന്‍
യാത്രയ്ക്ക് ബസ് സര്‍വീസുകളെ ആശ്രയിക്കുന്നവര്‍ക്ക് സഹായകരമാണ് ഈ ഫീച്ചര്‍. ട്രാഫിക് ബ്ലോക്ക് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ബസ് യാത്രയ്ക്കിടെ തടസങ്ങള്‍ നേരിട്ടാല്‍ യാത്ര എത്ര സമയം വൈകും എന്ന് ഈ ഫീച്ചര്‍ കാട്ടിത്തരും. ചുവപ്പ് നിറത്തിലാകും ഈ നോട്ടിഫിക്കേഷന്‍ നല്‍കുക. യാത്ര വൈകാന്‍ സാധ്യതയില്ലെങ്കില്‍, പച്ചനിറത്തിലാകും ലക്ഷ്യസ്ഥാനത്തെത്തുന്ന സമയം കാണിക്കുക.
ലൈവ് ട്രെയിന്‍ സ്റ്റാറ്റസ്
ദീര്‍ഘ ദൂര ട്രെയിന്‍ സര്‍വീസുകള്‍ വൈകിയാല്‍ നോട്ടിഫിക്കേഷന്‍ നല്കുന്ന ഫീച്ചര്‍. ജനപ്രിയ ആപ്പായ "വെയര്‍ ഈസ് മൈ ട്രെയിനു'മായി സഹകരിച്ചാണ് ഗൂഗിള്‍ ഈ ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഹ്രസ്വദൂര ട്രെയിന്‍ സര്‍വീസുകളുടെ വിവരങ്ങള്‍ ഈ ഫീച്ചറില്‍ ലഭിക്കില്ല.
മിക്സ്ഡ് മോഡ് നാവിഗേഷന്‍ വിത്ത് ഓട്ടോറിക്ഷ റെക്കമന്‍ഡേഷന്‍
യാത്രയില്‍ മെട്രോ സര്‍വീസുകളും ബസും ഓട്ടോറിക്ഷയും ഉപയോഗിക്കുന്നവര്‍ക്കുള്ള ആപ്. ലക്ഷ്യസ്ഥാനത്ത് ഏറ്റവും വേഗത്തിലെത്താന്‍ ഏതു സ്റ്റോപ്പില്‍നിന്ന് ഓട്ടോറിക്ഷ തേടണം, എവിടെനിന്നു ബസില്‍ കയറണം, മെട്രോയിലെ യാത്ര അവസാനിപ്പിച്ച് ഓട്ടോയോ ബസോ ആശ്രയിക്കേണ്ടത് എവിടെ, തുടങ്ങിയ വിവരങ്ങള്‍ ഈ ഫീച്ചറിലൂടെ ലഭിക്കും. ഓട്ടോറിക്ഷാക്കൂലി ഏകദേശം എത്രയാണെന്ന് കണക്കാക്കിപ്പറയുകയും ചെയ്യും. ബംഗളൂരു, ചെന്നൈ, കോയന്പത്തൂര്‍, ഡല്‍ഹി തുടങ്ങി ഏതാനും നഗരങ്ങളിലാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. അധികം വൈകാതെ മറ്റു സ്ഥലങ്ങളിലും പുതിയ ഫീച്ചറുകളെത്തുമെന്നാണ് വിവരം.