‘ഗൂഗിൾ പേ’ ഇന്ത്യയിൽ പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ
ഗൂഗിളിന്റെ പണമിടപാട് ആപ് ‘ഗൂഗിൾ പേ’ അനുമതിയില്ലാതെയാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നതെന്ന് ഡൽഹി ഹൈക്കോടതി. കൃത്യമായ അനുമതി രേഖകളില്ലാതെ എങ്ങനെയാണ് ജിപേയ്ക്ക് രാജ്യത്ത് പണിമിടപാടുകള്‍ നടത്താൻ കഴിയുന്നതെന്നാണ് കോടതി ചോദിക്കുന്നത്. ഇതു സംബന്ധിച്ച് വിശദീകരണം നൽകാൻ ഗൂഗിള്‍ ഇന്ത്യക്കും റിസർവ് ബാങ്കിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
റിസർവ് ബാങ്കിന്റെ അനുമതി രേഖകളില്ലാതെയാണ് ഇത്രയും നാൾ ഗൂഗിൾ പേ പ്രവർത്തിച്ചതെന്നാണ് ആരോപണം. ഇക്കാര്യം സൂചിപ്പിച്ച് സമർപ്പിച്ച പൊതു താൽപര്യ ഹർജിയിലാണ് കോടതി വിശദീകരണം തേടിയിരിക്കുന്നത്. ചീഫ് ജസറ്റിസ് രാജേന്ദ്ര മേനോന്റെ കീഴിലുള്ള രണ്ടംഗ ബെഞ്ചാണ് ഗൂഗിൾ പേക്കെതിരായ പൊതുതാൽപര്യ ഹര്‍ജി പരിഗണിച്ചത്.
ദിവസങ്ങൾക്ക് മുൻപ് (മാർച്ച് 20ന്) ആർബിഐ പുറത്തിറക്കിയ, രാജ്യത്ത് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് അംഗീകാരം ലഭിച്ച ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഗൂഗിൾ പേ കാണുന്നില്ല. ഇതിനാൽ തന്നെ പെയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് ആക്ടിന്റെ ലംഘനമാണ് ഗൂഗിൾ ഇന്ത്യ നടത്തിയിരിക്കുന്നതെന്നാണ് ആരോപണം. ഗൂഗിൾ പേ സംവിധാനത്തിന് നിയമപരമായ ആധികാരികത ഇല്ലെന്ന് ചൂണ്ടിക്കാട്ടി അഭിജിത് മിശ്രയാണ് കോടതിയെ സമീപിച്ചത്.
ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ച പേയ്മെന്‍റ് ആപ്ലിക്കേഷനായ തേസ് ആണ് പുതിയ സവിശേഷതകളുമായി ഗൂഗിൾ പേ എന്ന പേരിലറിയപ്പെടുന്നത്. ഭീം യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ്) പിന്തുണയ്ക്കുന്ന എല്ലാ ബാങ്കുകള്‍ക്കൊപ്പവും ഗൂഗിൾ പേ പ്രവർത്തിക്കുമെന്നാണ് ഗൂഗിൾ ഇന്ത്യ അവകാശപ്പെടുന്നത്. ഏകദേശം 2.2 കോടി പ്രതിമാസ ഉപയോക്താക്കളാണ് നിലവില്‍ ഗൂഗിൾ പേയ്ക്കുള്ളത്. കഴിഞ്ഞ ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം 750 ദശലക്ഷം പണമിടപാടുകൾ ആപ്ലിക്കേഷനിലൂടെ നടന്നുവെന്നാണ്.