ഇന്ത്യയുടെ 40-ാമത് വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് -31 വിജയകരമായി വിക്ഷേപിച്ചു
യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയുടെ ഏരിയന്‍ 5 റോക്കറ്റിലാണ് വിക്ഷേപണം നടന്നത്. അരിയന്‍ ലോഞ്ച് കോംപ്ലക്‌സില്‍നിന്ന് വിക്ഷേപണം നടത്തി 42 മിനിറ്റുകൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 2.31 നായിരുന്നു വിക്ഷേപണം.
2,535 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം. 15 വര്‍ഷമാണ് ഇതിന്റെ കാലാവധി. ടെലിവിഷന്‍, ഡിജിറ്റല്‍ സാറ്റലൈറ്റ് വാര്‍ത്താശേഖരണം, വിസാറ്റ് നെറ്റ്‌വര്‍ക്ക്. ഡിടിഎച്ച് ടെലിവിഷന്‍ സേവനം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഉപഗ്രഹം പ്രയോജനപ്പെടുത്തുക. ഇന്ത്യയൊട്ടാകെയും അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലും കവറേജ് ലഭിക്കും.
നിലവില്‍ ഇവിടങ്ങളില്‍ ഫോണ്‍ ഉള്‍പ്പെടെ മറ്റ് വാര്‍ത്താവിനിമയ സംവിധാനങ്ങളില്ല. ഓഖി പോലുള്ള ചുഴലിക്കൊടുങ്കാറ്റ് വിമാനാപകടങ്ങള്‍ കടലിലുണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയ്ക്ക് ചുറ്റുമുള്ള കടലില്‍ വാര്‍ത്താവിനിമയ സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ പ്രവര്‍ത്തനക്ഷമമായ ഇന്‍സാറ്റ്-4സിആറിനു പകരമായിട്ടാണ് ജിസാറ്റ് 31 എത്തുന്നത്. അധികം വൈകാതെ 4സിആറിന്റെ കാലാവധി അവസാനിക്കുമെന്നാണ് ഐഎസ്‌ആര്‍ഒ നല്‍കുന്ന സൂചന. പകരം അയയ്ക്കുന്ന ജിസാറ്റ് 31നാകട്ടെ ഭാരവും കൂടുതലാണ്. ഏതു നിമിഷം വേണമെങ്കിലും പ്രവര്‍ത്തനം നിലയ്ക്കാവുന്ന അവസ്ഥയിലാണ് 4സിആര്‍. അടിയന്തര വിക്ഷേപണമായതിനാലാണ് ഫ്രഞ്ച് ഗയാനയില്‍ നിന്ന് അയയ്ക്കാന്‍ തീരുമാനിച്ചത്. 2007ല്‍ വിക്ഷേപിച്ച ഇന്‍സാറ്റ് 4സി.ആര്‍. ഉപഗ്രഹത്തിന്റെ ജോലികളും ജിസാറ്റ്- 31 ഏറ്റെടുക്കും. ഇന്‍സാറ്റിന്റെ കാലാവധി ഈ വര്‍ഷം അവസാനിക്കും. കിഴക്കേ രേഖാംശം 48ഡിഗ്രിയില്‍ ജിസാറ്റ് 31നെ പ്രതിഷ്ഠിക്കും.
ജിസാറ്റ് 31ന്റെ വിക്ഷേപണം പരാജയമായിരുന്നെങ്കില്‍ അത് ഇന്ത്യയുടെ വാര്‍ത്താവിനിമയ സംവിധാനത്തെ ഗുരുതരമായി ബാധിച്ചേനെ. ജിഎസ്‌എല്‍വി എംകെ 3 റോക്കറ്റ് ഉപയോഗിച്ചായിരുന്നു ജിസാറ്റ് അയയ്ക്കാനിരുന്നത്. എന്നാല്‍ ഈ റോക്കറ്റ് ചാന്ദ്രയാന്‍-2 ഉള്‍പ്പെടെയുള്ള ദൗത്യത്തിനായി മാറ്റിവച്ചിരിക്കുകയാണ്. ജൂണ്‍ 30ന് ഫ്രഞ്ച് ഗയാനയില്‍ നിന്നു തന്നെ ജിസാറ്റ് -30യും വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു. 'മരിച്ചു കൊണ്ടിരിക്കുന്ന' ഇന്‍സാറ്റ്-4എയ്ക്കു പകരമായിരിക്കും ഇത്.