വിദൂര നിയന്ത്രിത ചെറു വിമാനങ്ങളായ ഡ്രോണുകള്‍ രാജ്യത്ത് നിയമവിധേയമായി ഉപയോഗിക്കാന്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങാം.
ന്യൂഡല്‍ഹി: വിദൂര നിയന്ത്രിത ചെറു വിമാനങ്ങളായ ഡ്രോണുകള്‍ രാജ്യത്ത് നിയമവിധേയമായി ഉപയോഗിക്കാന്‍ ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങാം. ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ സര്‍കാര്‍ ഇന്നുമുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോം എന്ന പുതിയ മാധ്യമം മുഖേന ഡ്രോണുകള്‍ നിരീക്ഷിക്കാനുള്ള സംവിധാനത്തിനാണ് ഇന്നുമുതല്‍ തുടക്കമാകുന്നത്.
ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 30 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളതെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്ഹ അറിയിച്ചു. 250 ഗ്രാമിന് മുകളില്‍ ഭാരമുള്ള ഡ്രോണുകളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്ബര്‍ സ്വന്തമാക്കിയാല്‍ മാത്രമേ ജനുവരി ഒന്ന് മുതല്‍ ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതിയൊള്ളു.
ഡ്രോണുകളുടെയും പൈലറ്റുമാരുടെയും ഉടമസ്ഥരുടെയും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടുള്ള വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രോസസാണ് പൂര്‍ത്തീകരിക്കുന്നത്. ഇതിനുശേഷവും ഡ്രോണ്‍ ഇഷ്ടാനുസരണം ഉപയോഗിക്കാനുള്ള അനുവാദം ഉണ്ടായിരിക്കില്ല. രജിസ്‌ട്രേഷന് ശേഷം ഓരോ പറക്കലിനും മുന്‍പും മൊബൈല്‍ ആപ്പുവഴി അനുവാദം എടുക്കണം. ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായാണ് യുടിഎം പ്രവര്‍ത്തിക്കുക. 250 ഗ്രാമില്‍ കുറവ് ഭാരമുള്ള നാനോ ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. ഈ വിഭാഗത്തിലുള്ള ഡ്രോണുകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാതെതന്നെ ഉപയോഗിക്കാവുന്നതാണ്.
ഡ്രോണ്‍ ഉപയോഗത്തില്‍ ചില നിയന്ത്രണങ്ങളും ഇന്നുമുതല്‍ ബാധകമാണ്. പകല്‍ സമയങ്ങളില്‍ 400 അടിക്കു മുകളില്‍ പറത്താന്‍ പാടില്ല. വിമാനത്താവളങ്ങള്‍, രാജ്യാന്തര അതിര്‍ത്തികള്‍, സേനാത്താവളങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങള്‍ ഡ്രോണ്‍ നിരോധിത മേഖലയായി അറിയപ്പെടും. ഇവിടങ്ങളില്‍ ഡ്രോണ്‍ പറത്താന്‍ എയര്‍ ഡിഫന്‍സ് ക്ലിയറന്‍സ് (എഡിസി) അഥവാ ഫ്‌ലൈറ്റ് ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ നമ്ബര്‍ (എഫ്‌ഐസി) ആവശ്യമാണ്.
അടുത്ത നടപടിയായി ഡ്രോണ്‍ പോര്‍ട്ടുകളും എയര്‍ കൊറിഡോറുകളും ഒരുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അവയവമാറ്റം അടക്കമുള്ള സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്താനാണ് ഇത്. ഡ്രോണ്‍ പോളിസിയുടെ രണ്ടാം ഭാഗമെന്ന രീതിയിലാണ് ഇതിനെ കാണുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതാണ് ഡ്രോണ്‍ 2.0. ടാക്‌സി, കൊറിയര്‍ സേവനം, കൃഷി, തുടങ്ങിയ മേഖലകളിലേക്ക് ഡ്രോണ്‍ ഉപയോഗം വ്യാപിപ്പിക്കാനാണ് ഇതുവഴി ഉദ്ദേശിക്കുന്നത്്.