ടിക് ടോക് നിരോധിക്കണമെന്ന് ആര്‍.എസ്.എസ്
ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പുകളായ ടിക് ടോക്, ലൈക്, വായ് തുടങ്ങിയവ ഇന്ത്യയില്‍ നിരോധിക്കണമെന്ന ആവശ്യവുമായി ആര്‍ എസ് എസ് രംഗത്ത്. ആര്‍ എസ് എസിന്റെ സാമ്ബത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച് ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍ എസ് എസ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം യു എന്‍ രക്ഷാ സമിതിയില്‍ ചൈന തടഞ്ഞതാണ് ആര്‍ എസ് എസിനെ പ്രകോപിപ്പിച്ചത്.
'ഇന്ത്യന്‍ മണ്ണിനെ സാമ്ബത്തിക നേട്ടങ്ങള്‍ക്കായി വലിയ തോതില്‍ ഉപയോഗിക്കുന്ന രാജ്യമാണ് ചൈന. ഈ സാഹചര്യത്തില്‍ ചൈനയുടെ താതപര്യങ്ങള്‍ക്ക് നിന്ന് കൊടുക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത്തരം സോഷ്യല്‍ മീഡിയ ആപ്പുകള്‍ വഴി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചൈനക്ക് ലഭിക്കുകയാണ്. ഇത് തടയേണ്ടത് ആവശ്യമാണ്' - കത്തില്‍ പറയുന്നു. ഇന്ത്യയില്‍ രണ്ടര കോടി ആളുകള്‍ നിത്യേന ടിക് ടോക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് വഴി കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ ചോരുന്നു. ഇത് ഗുരുതരമായ സുരക്ഷാഭീഷണിയാണെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് പറയുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം ആപ്പുകള്‍ നിരോധിക്കണമെന്ന് സംഘടന ആവശ്യപെടുന്നു.