അമേരിക്കയുടെ 6 ന്യൂക്ലിയര്‍ പവര്‍ പ്ലാൻറ്കള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു
ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവ ഊര്‍ജ സഹകരണം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. ഇന്ത്യ- അമേരിക്ക അടിസ്ഥാന സുരക്ഷ യോഗത്തില്‍ 9ാം റൗണ്ടിൻ്റെ സമാപന ചടങ്ങിലാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യുഎസ് വിദേശകാര്യ സെക്ടട്ടറി ആന്‍ഡ്രിയ തോംസണും ഇതു സംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തു വിട്ടത്.
6 ആണവോര്‍ജ നിലയങ്ങള്‍
ഇന്ത്യയില്‍ 6 ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതടക്കം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉഭയകക്ഷി സുരക്ഷയും സിവില്‍ ആണവ സഹകരണവും കൂടുതല്‍ ശക്തമാക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. സിവില്‍ ആണവോര്‍ജ്ജ മേഖലയില്‍ സഹകരിക്കാന്‍ 2008 ഒക്ടോബറില്‍ ഇന്ത്യയും അമേരിക്കയും ചരിത്രപരമായ ഒരു കരാറില്‍ ഒപ്പുവച്ചു. ഈ കരാര്‍ വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കാനായി. കൂടാതെ ഒരു ഡസനോളം രാജ്യങ്ങളുമായി സഹകരണ ഉടമ്പടികളില്‍ ഒപ്പുവയ്ക്കാന്‍ ന്യൂക്ലിയര്‍ വിതരണ ഗ്രൂപ്പിൻ്റെ (എന്‍എസ്ജി) അനുമതി ഇന്ത്യക്ക് ലഭിച്ചു. ഈ ഉടമ്പടിക്ക് ശേഷം അമേരിക്ക, ഫ്രാന്‍സ്, റഷ്യ, കാനഡ, അര്‍ജന്റീന, ഓസ്ട്രേലിയ, ശ്രീലങ്ക, യു.കെ, ജപ്പാന്‍, വിയറ്റ്നാം, ബംഗ്ലാദേശ്, കസാഖ്സ്ഥാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ആണവ സഹകരണ കരാറില്‍ ഒപ്പുവെച്ചു.
48 അംഗ എന്‍.എസ്.ജിയില്‍ ഇന്ത്യയുടെ അംഗത്വത്തിന് അമേരിക്ക ശക്തമായ പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം, ആണവ ആയുധങ്ങള്‍ കൈയ്യില്‍ വെയ്ക്കാന്‍ അംഗീകാരം നല്‍കുന്ന ഉന്നതമായ ഗ്രൂപ്പിലേക്ക് ഇന്ത്യ പ്രവേശനം നേടുന്നത് ചൈന തടഞ്ഞു. ഇന്ത്യ ഇത്തരം ആയുധങ്ങള്‍ കൈവശം വെക്കുന്നത് തങ്ങള്‍ക്ക് ഭീഷണിയാണെന്നാണ് അവരുടെ വാദം.
ആഗോള സുരക്ഷ
ഇരുരാജ്യങ്ങളും ആഗോള സുരക്ഷയെ കുറിച്ചുള്ള ആശങ്കകളും ആണവായുധങ്ങള്‍ കൈവശം വെക്കുന്നതിലെ വെല്ലുവിളികളും കൂടിക്കാഴ്ചയില്‍ പങ്കുവെച്ചു. തീവ്രവാദികളും മറ്റും ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നത് തടയണമെന്നും ഇതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കാനും യോഗത്തില്‍ ധാരണയായി.