പ്രവാസികള്‍ക്ക് തിരിച്ചടി; കുവൈറ്റില്‍ നിന്നും നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് നികുതി
പ്രവാസികൾ കുവൈറ്റിൽ നിന്ന് അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. കുവൈറ്റിലെ എംപിമാരാണ് ഇക്കാര്യം അടിയന്തരമായി ചർച്ച ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഏഴ് എം.പിമാര്‍ ഒപ്പിട്ട കത്താണ് പാർലമെന്റിൽ നൽകിയിരിക്കുന്നത്. മറ്റ് ചില എംപിമാരും ഈ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. 420 കോടി ദിനാറാണ് പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് നിന്ന് വിദേശികൾ സ്വന്തം നാടുകളിലേയ്ക്ക് അയയ്ക്കുന്നതെന്നും, ഇങ്ങനെ അയയ്ക്കുന്ന പണം കൊണ്ട് രാജ്യത്തിന് ഒരു നേട്ടവും ലഭിക്കില്ലെന്നും എംപിയായ സഫ അല്‍ ഹാശിം വ്യക്തമാക്കി. നേരത്തെ ഇക്കാര്യം സംബന്ധിച്ച ചര്‍ച്ച ജൂണിലേക്ക് മാറ്റി വച്ചിരുന്നു. എന്നാൽ ഉടൻ ചർച്ച നടത്തണമെന്ന് ആവശ്യവുമായാണ് എംപിമാർ രംഗത്തെത്തിയിരിക്കുന്നത്.
പ്രവാസികൾ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തിയാൽ അത് രാജ്യത്തിന് പുതിയൊരു വരുമാന മാർഗമാകുമെന്നും എംപിയായ സഫ അല്‍ ഹാശിം പറഞ്ഞു. ഓരോ വര്‍ഷവും കുവൈറ്റിൽ നിന്ന് പ്രവാസികള്‍ അയക്കുന്ന പണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1900 കോടി റിയാല്‍ ആണ് മറ്റ് രാജ്യങ്ങളിലേയ്ക്ക് കുവൈറ്റിൽ നിന്ന് അയച്ചിട്ടുള്ളത്. ഈ തുകയ്ക്ക് നികുതി ഏർപ്പെടുത്തിയിരുന്നെങ്കിൽ സർക്കാരിന് കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കുമായിരുന്നുവെന്നും എംപി വ്യക്തമാക്കി.
നേരത്തെ പാര്‍ലമെന്റിന്റെ ധന-സാമ്പത്തിക കാര്യ സമിതിയാണ് പ്രവാസികളിൽ നിന്ന് നികുതി ഈടാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം ആദ്യം മുന്നോട്ടു വച്ചത്. ഇപ്പോൾ നിർദ്ദേശം പാർലമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാൽ ഈ നികുതി നിര്‍ദേശത്തോട് സര്‍ക്കാറിനും കേന്ദ്ര ബാങ്കിനും നിയമ മന്ത്രാലയത്തിനും താല്‍പര്യമില്ലെന്നാണ് വിവരം. മുമ്പ് ഒരിയ്ക്കൽ നികുതി ഈടാക്കാനുള്ള തീരുമാനം മന്ത്രിസഭ തള്ളിയിരുന്നു. സര്‍ക്കാറിനും കേന്ദ്ര ബാങ്കിനും നിയമ മന്ത്രാലയത്തിനും താത്പര്യമില്ലാത്ത സ്ഥിതിയ്ക്ക് പദ്ധതിയ ഉടൻ നടപ്പാകില്ലെന്നാണ് വിവരം. എന്നാൽ നികുതി നിർദ്ദേശം നടപ്പാകില്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് പാർലമെന്റിൽ വിഷയം ഉടൻ ചർച്ചയ്ക്ക് വയ്ക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം എംപിമാര്‍ രംഗത്തെത്തിയത്.
ഇത്തരത്തിലൊരു നികുതി പ്രാബല്യത്തിൽ വന്നാൽ കുവൈറ്റിന്റെ സമ്പദ്ഘടനയെ അത് സാരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. വിദഗ്ധരായ തൊഴിലാളികള്‍ രാജ്യം വിട്ടാൽ അത് രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ഇവർ പറയുന്നു. എന്നാൽ റെമിറ്റന്‍സ് ടാക്സ് ഈടാക്കുന്നത് നിയമ വിരുദ്ധമല്ലെന്നാണ് സാമ്പത്തികകാര്യ സമിതിയുടെ നിഗമനം. വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്നാണ് സാമ്പത്തിക സമിതിയുടെ നിര്‍ദ്ദേശം. എന്നാല്‍ വിദേശികള്‍ക്ക് മാത്രം നികുതി ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് നിയമകാര്യ സമിതി അഭിപ്രായപ്പെട്ടിട്ടുണ്ട്.