സൗദി കിരീടാവകാശിയുടെ അധികാരം വെട്ടിക്കുറച്ചു
ലണ്ടന്‍: സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ അധികാരം സല്മാന് രാജാവ് വെട്ടിക്കുറച്ചതായി പാശ്ചാത്യമാധ്യമങ്ങള്‍. രണ്ടാഴ്ചയ്ക്കുള്ളില്‍ നടന്ന പല സുപ്രധാന പരിപാടികളിലും രാജകുമാരന് പങ്കെടുത്തില്ല. സാമ്പത്തിക-ധനകാര്യ അധികാരങ്ങളിലാണു കുറവുവരുത്തിയതെന്നാണു റിപ്പോര്‍ട്ട്.
83 വയസുള്ള സല്മാന് ബിന്‍ അബ്ദല്‍ അസീസ് രാജാവ് തന്റെ മുപ്പത്തിമൂന്നുകാരനായ പുത്രന്റെ പല നടപടികളിലും അതൃപ്തനായിരുന്നു. ജമാല്‍ ഖഷോഗി എന്ന മാധ്യമപ്രവര്‍ത്തകനെ തുര്‍ക്കിയിലെ സൗദി എംബസിയില്‍ കൊല്ലിച്ചത് മുഹമ്മദ് രാജകുമാരനാണെന്ന് അമേരിക്ക കരുതുന്നു. രാജകുമാരനെ നീക്കംചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമ്മര്‍ദം ചെലുത്തുമെന്നു പലരും കരുതിയിരുന്നു.
രാജകുമാരന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചതു പരസ്യപ്പെടുത്തിയിട്ടില്ല. എന്നാല്‍, മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍ രാജാവ് ഇക്കാര്യമറിയിച്ചതായി ഗാര്ഡിയന് പത്രം റിപ്പോര്‍ട്ട് ചെയ്തു. ആ യോഗത്തില്‍ വരാന്‍ ആവശ്യപ്പെട്ടിട്ടും രാജകുമാരന് ചെന്നില്ല.
സൗദി രാജാവിന്റെയും രാജകുടുംബത്തിന്റെയും ഗവണ്മെന്റിന്റെയും വിദേശ നിക്ഷേപങ്ങളുടെ മേല്‍നോട്ടം മുസായിദ് അല്‍ ഐബാന് എന്ന വിശ്വസ്ത ഉപദേഷ്ടാവിനെയാണു രാജാവ് ഏല്പിച്ചിരിക്കുന്നത്. ഹാര്‍വഡില്‍ വിദ്യാഭ്യാസം ചെയ്ത മുസായിദിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും നിയമിച്ചു.
സല്മാന് രാജാവ് 2015 ഏപ്രിലില്‍ രാജാവായപ്പോള്‍ സഹോദരപുത്രന് മുഹമ്മദ് ബിന്‍ നയിഫിനെയാണു കിരീടാവകാശിയാക്കിയത്. ഇളയസഹോദരന് മുഖ്റിന്‍ രാജകുമാരനെ മാറ്റിക്കൊണ്ടായിരുന്നു ഇത്. പിന്നീടു പുത്രന് മുഹമ്മദ് രാജകുമാരനെ ഉപ കിരീടാവകാശിയാക്കി. 2017ല്‍ മുഹമ്മദ് ബിന്‍ നയിഫിനെ നീക്കി പുത്രന് മുഹമ്മദിനെ ഏക കിരീടാവകാശിയാക്കി.
രാജകുടുംബാംഗങ്ങളടക്കം നൂറിലേറെ അതിസമ്പന്നരെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ തടങ്കലിലാക്കി അവരില്‍നിന്ന് ശതകോടിക്കണക്കിനു ഡോളറിന്റെ സമ്പത്ത് പിടിച്ചടക്കിയതാണു മുഹമ്മദ് രാജകുമാരന്റെ ആദ്യത്തെ വലിയ നീക്കം. അഴിമതി ആരോപിച്ചായിരുന്നു നീക്കം. രാജകുമാരന്റെ അധികാരമുറപ്പിക്കലായിരുന്നു അതിനു പിന്നില്‍. ഉദാരമായ സാമ്പത്തിക-സാമൂഹിക പരിഷ്കാരങ്ങള്‍ക്കു രാജകുമാരന് മുതിരുമെന്നു പലരും കരുതി. പക്ഷേ, വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്താനാണ് രാജകുമാരന് അധികാരമുപയോഗിച്ചത്. ഇതേത്തുടര്‍ന്നു പാശ്ചാത്യരാജ്യങ്ങള്‍ രാജകുമാരന് എതിരായി.