യുഎഇ ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുന്നു
ഒന്നര വര്‍ഷത്തിലധികമായി തുടരുന്ന ഖത്തര്‍ ഉപരോധം അവസാനിക്കുന്നുവെന്ന് സൂചന. ഖത്തറിനെതിരെ സ്വീകരിച്ചിരുന്ന നടപടികളില്‍ ഇളവ് പ്രഖ്യാപിച്ച് യുഎഇ സര്‍ക്കുലര്‍ ഇറക്കി. ഇനി മുതല്‍ യുഎഇയില്‍ നിന്ന് ഖത്തറിലേക്ക് ചരക്കുകള്‍ എത്തും. ഖത്തറില്‍ നിന്ന് വരുന്ന ചരക്കുകള്‍ യുഎഇയില്‍ സ്വീകരിക്കുകയും ചെയ്യും. 2017 ജൂണ്‍ അഞ്ചിന് പ്രഖ്യാപിച്ച ഉപരോധത്തിന് ശേഷം ആദ്യമായാണ് ഖത്തറിനെതിരായ നടപടികളില്‍ ഇളവ് പ്രഖ്യാപിക്കുന്നത്.
ഉപരോധ പ്രഖ്യാപനം
2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമാണ് ഉപരോധം പ്രഖ്യാപിച്ചത്. ഖത്തറിനെതിരെ കര, നാവിക, വ്യോമ ഇടപാടുകള്‍ മരവിപ്പിക്കുകയും യാത്രകള്‍ക്കുള്ള സൗകര്യങ്ങള്‍ അടയ്ക്കുകയും ചെയ്തു. ഖത്തറിലുള്ളവര്‍ക്ക് മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ബന്ധുക്കളുണ്ട്. പൊടുന്നനെയുള്ള ഉപരോധ പ്രഖ്യാപനം ഈ കുടുംബങ്ങളെ അകറ്റാന്‍ കാരണമായി. ഉപരോധ പ്രഖ്യാപനത്തില്‍ ആദ്യം പതറിയ ഖത്തര്‍ പിന്നീട് വിദേശരാജ്യങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിച്ചു. തങ്ങളുടെ പ്രതാപം തിരിച്ചുപിടിക്കുകയും ചെയ്തു.
ഖത്തറിന് സഹായവുമായി എത്തിയവരില്‍ പ്രധാനികള്‍ തുര്‍ക്കിയും ഇറാനുമായിരുന്നു. പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളം ഏഷ്യന്‍ രാജ്യങ്ങളും ഖത്തറിനെ സഹായിക്കാനെത്തി. ഇതോടെ ഉപരോധത്തില്‍ നിന്ന് പതിയെ ഖത്തര്‍ നിവര്‍ന്നുനില്‍ക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഖത്തര്‍ സ്വയം പര്യാപ്തത നേടിയെന്നാണ് ഖത്തര്‍ ഭരണകൂടം പറയുന്നത്. ഖത്തറിലേക്ക് ചരക്കുകള്‍ എത്തുന്നതിന് പ്രധാന മാര്‍ഗമായിരുന്നു യുഎഇയിലെ ജബല്‍ അലി തുറമുഖം. വിദേശരാജ്യങ്ങളില്‍ നിന്ന് ഇവിടെ എത്തുന്ന ചരക്കുകള്‍ ദോഹയിലേക്ക് ജലമാര്‍ഗം എത്തിക്കുകയാണ് പതിവ്. എന്നാല്‍ ഉപരോധം പ്രഖ്യാപിച്ചതോടെ ജബല്‍ അലിയില്‍ നിന്ന് ദോഹയിലേക്ക് ചരക്കു ഗതാഗതം തടയപ്പെട്ടിരുന്നു.
ഇനി ചരക്കുകള്‍ അയക്കാം
ഖത്തറിലേക്ക് ചരക്കുകള്‍ അയക്കുന്നതില്‍ ഇനി യുഎഇയിലെ തുറമുഖങ്ങള്‍ക്ക് സാധിക്കും. തുറമുഖ അധികൃതര്‍ പ്രത്യേക സര്‍ക്കുലര്‍ ഇറക്കി. യുഎഇയിലെ എല്ലാ തുറമുഖങ്ങള്‍ക്കും സര്‍ക്കുലര്‍ ബാധകമാണ്. ഖത്തറിലേക്ക് ചരക്കുകള്‍ അയക്കാം. ഖത്തറില്‍ നിന്നുള്ള ചരക്കുകള്‍ സ്വീകരിക്കുകയും ചെയ്യാമെന്ന് സര്‍ക്കുലറില്‍ പറയുന്നു. തുറമുഖങ്ങള്‍ക്ക് ഉപരോധത്തിന് ശേഷമുണ്ടായ നിയന്ത്രണം പൂര്‍ണമായി നീക്കി എന്ന പറയാന്‍ സാധിക്കില്ല. കാരണം ഖത്തറിന്റെ പതാക വഹിച്ചുള്ള കപ്പലുകള്‍ക്ക് യുഎഇയില്‍ ഇപ്പോഴും വിലക്കുണ്ട്. യുഎഇയുടെ കപ്പലുകള്‍ക്ക് ദോഹയിലും വിലക്കുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളുടെ കപ്പലുകള്‍ വഴി ചരക്കുഗതാഗതം സാധ്യമാകും. അബുദാബി പോര്‍ട്ട്‌സ് സര്‍ക്കുലറിലാണ് ഖത്തറിലേക്കുള്ള ചരക്കു ഗതാഗതത്തിന് ഇളവ് പ്രഖ്യാപിച്ച കാര്യം പറയുന്നത്. ഫെബ്രുവരി 12നാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഉപരോധം പ്രഖ്യാപിച്ച ശേഷം ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ റദ്ദാക്കിയിരിക്കുന്നുവെന്ന് പുതിയ സര്‍ക്കുലറില്‍ പറയുന്നു.
ഖത്തര്‍ ഭരണകൂടം, ഖത്തര്‍ പൗരന്‍മാര്‍, ഖത്തര്‍ കമ്പനികള്‍ എന്നിവരുടെ കപ്പലുകള്‍ക്ക് ഇപ്പോഴും നിയന്ത്രണമുണ്ട്. ഈ നിയന്ത്രണം നീക്കിയിട്ടില്ല. എന്നാല്‍ ചരക്കുകള്‍ മറ്റു കപ്പലുകള്‍ക്ക് കൈമാറ്റം ചെയ്യാം. ലൈബീരിയന്‍ കപ്പല്‍ ഖത്തറില്‍ നിന്ന് ദുബായിലെ ജബല്‍ അലിയിലെത്തി. ഉമ്മു സെയ്ദില്‍ നിന്നാണ് കപ്പല്‍ ജബല്‍ അലിയിലെത്തിയത്. എന്താണ് ഉപരോധം ഇളവ് ചെയ്യാനുണ്ടായ സാഹചര്യം എന്ന് വ്യക്തമല്ല. യുഎഇക്കെതിരെ ഖത്തര്‍ ലോക വ്യാപാര സംഘടനയില്‍ പരാതിപ്പെട്ടിരുന്നു. ഖത്തറിനെതിരെ യുഎഇയും പരാതി ഉന്നയിച്ചിരുന്നു. ഉപരോധം പ്രഖ്യാപിച്ച തൊട്ടടുത്ത മാസം 2017 ജൂലൈയിലാണ് ഖത്തര്‍ പരാതിപ്പെട്ടത്. യുഎഇ കഴിഞ്ഞമാസവും.